ലണ്ടന്‍: ക്ലോപ്പിന്റെ വെല്ലുവിളിക്ക് ചുട്ടമറുപടി നല്‍കി ആന്‍ഫീല്‍ഡില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ അട്ടിമറിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. സ്വന്തം മൈതാനത്ത് നടന്ന രണ്ടാംപാദ മത്സരത്തില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചുവാങ്ങിയ നിലവിലെ ചാമ്പ്യന്‍മാര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ഇരുപാദങ്ങളിലുമായി 2-4ന്റെ തോല്‍വി. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ ലിവര്‍പൂള്‍ 1-0ന് പരാജയപ്പെട്ടിരുന്നു. ആദ്യപാദത്തില്‍ തോറ്റപ്പോള്‍ കടുത്ത വിമര്‍ശകര്‍ പോലും അത് ലിവര്‍പൂളിന് പുറത്തേക്കുള്ള വഴിയാകുമെന്ന് കരുതിയിരുന്നില്ല. രണ്ടാംപാദം ആന്‍ഫീല്‍ഡിലാണെന്ന് ഓര്‍ത്തോളൂ എന്ന് ക്ലോപ്പ് വീമ്പ് പറയുകയും ചെയ്തു. പക്ഷേ സിമിയോണിയുടെ തന്ത്രങ്ങള്‍ അത്‌ലറ്റിക്കോ താരങ്ങള്‍ ആന്‍ഫീല്‍ഡില്‍ നന്നായി നടപ്പാക്കിയപ്പോള്‍ ലിവര്‍പൂള്‍ ആരാധകരുടെ കണ്ണീര് വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ആദ്യ പാദത്തിലെ ഒരു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂളിനെ 43-ാം മിനിറ്റില്‍ തന്നെ ജോര്‍ജിനിയോ മുന്നിലെത്തിച്ചു. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 94-ാം മിനുട്ടില്‍ ഫിര്‍മിനോ രണ്ടാം ഗോളും നേടി. ചെമ്പട ജയമുറപ്പിച്ചെന്ന ഘട്ടത്തില്‍ 97-ാം മിനിറ്റില്‍ മാര്‍ക്കോസ് ലൊറെന്റെയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. 105-ാം മിനിറ്റില്‍ മാര്‍ക്കോസ് അത്‌ലറ്റിക്കോയുടെ ജയമുറപ്പിച്ച് രണ്ടാം ഗോള്‍ കുറിച്ചു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ആല്‍വാരോ മൊറാട്ട ആന്‍ഫീല്‍ഡില്‍ അവസാന ആണിയുമടിച്ചു.
അവസാന രണ്ടു സീസണിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ലിവര്‍പൂളിന് ഇതോടെ നോക്കൗട്ടില്‍ തന്നെ മടക്കം. അത്ലറ്റിക്കോ ഗോളി യാന്‍ ഒബ്ലാക്കിന്റെ പ്രകടനവും അത്ലറ്റിക്കോയുടെ വിജയത്തില്‍ നിര്‍ണായകമായി.
ഡോര്‍ട്ട്മുണ്ടിനെ മറികടന്ന് പി.എസ്.ജി
പാരിസ്: മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും ക്വാര്‍ട്ടറിലെത്തി.
ആദ്യപാദത്തില്‍ 2-1ന് തോല്‍വി വഴങ്ങിയ പി.എസ്.ജി രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോള്‍ ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. 28-ാം മിനിറ്റില്‍ നെയ്മറും ആദ്യ പകുതിയുടെ അധികസമയത്ത് യുവാന്‍ ബെര്‍നാറ്റ് വെലാസ്‌കോയുമാണ് പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തത്.
Content Highlights: Champions League Liverpool crash out to Atletico Madrid