വെംബ്ലി: ഇരട്ട ഗോളുകളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്‌സ്പറിനെതിരേ ബാഴ്‌സലോണയ്ക്ക് വിജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ ഇംഗ്ലീഷ് ക്ലബ്ബിനെ മറികടന്നത്. 

4-2 ന്റെ സ്‌കോര്‍ബോര്‍ഡ് സൂചിപ്പിക്കും പോലെയായിരുന്നില്ല വെംബ്ലിയിലെ കാഴ്ച. മത്സരത്തില്‍ ബാഴ്‌സ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുകയായിരുന്നു. ടോട്ടനത്തിന്റെ മൈതാനത്ത് 62 ശതമാനം സമയവും പന്ത് ബാഴ്‌സ താരങ്ങളുടെ കാലുകളിലായിരുന്നു.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ബ്രസീല്‍ താരം ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്‌സയെ മുന്നിലെത്തിച്ചു. മെസ്സിയും ജോര്‍ഡി ആല്‍ബയും ചേര്‍ന്നൊരുക്കിയ ഒരു മുന്നേറ്റത്തിലാണ് കുടീഞ്ഞ്യോയുടെ ഗോള്‍ വന്നത്. സ്ഥാനം തെറ്റിനിന്ന ഗോള്‍കീപ്പറെ സാക്ഷിയാക്കി പന്ത് വലയിലാക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ ബ്രസീല്‍ താരത്തിന്.

28-ാം മിനിറ്റില്‍ റാക്കിറ്റിച്ചിന്റെ ഒരു കിടിലന്‍ വോളിയിലൂടെ ബാഴ്‌സ ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യം തുടരുന്നതിനിടെ 52-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഇംഗ്ലീഷ് ക്ലബ്ബിന് ആദ്യ ഗോള്‍ നേടിക്കൊടുത്തു. എന്നാല്‍ നാലു മിനിറ്റുകള്‍ക്കു ശേഷം ലക്ഷ്യം കണ്ട മെസ്സി ബാഴ്‌സയുടെ ലീഡ് വീണ്ടും രണ്ടാക്കി ഉയര്‍ത്തി. 

പത്തു മിനിറ്റിനകം എറിക്ക് ലമേല ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നേടി. ബോക്‌സിനു തെട്ടുവെളിയില്‍ കിട്ടിയ പന്ത് ലമേല ബാഴ്‌സ വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോള്‍ കൂടിനേടി സമനിലയെങ്കിലും നേടാനുള്ള ടോട്ടനത്തിന്റെ ശ്രമത്തിനിടെയാണ് 90-ാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍ വരുന്നത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു ജയവുമായി ബാഴ്‌സയാണ് ഒന്നാമത്. രണ്ടു മത്സരങ്ങളും തോറ്റ ടോട്ടനത്തിന്റെ അവസ്ഥ പരുങ്ങലിലായി.

Content Highlights: champions league lionel messi glitters in wembley as barcelona sink tottenham