കാര്‍ഡിഫിലെ ഫുട്ബോള്‍ മാമാങ്കത്തില്‍ റയല്‍ മഡ്രിഡ് ചാംപ്യന്‍മാര്‍. ഫുട്ബോള്‍ ലോകം കണ്ണിമവെട്ടാതെ കാത്തിരുന്ന ചാംപ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ 4-1ന് യുവന്റസിനെ തറപറ്റിച്ച് റയല്‍മഡ്രിഡ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായി. സ്പാനിഷ് ശക്തികളും ഇറ്റാലിയന്‍ വന്‍മതിലുകളും തമ്മില്‍ നടന്ന മത്സരത്തില്‍ ആധികാരികമായിട്ടായിരുന്നു റയലിന്റെ ജയം. 

Champions Leagueഇതോടെ തുടര്‍ച്ചായായി രണ്ടാം തവണയും റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായി.  പന്ത്രണ്ടാം കിരീടിമെന്ന അപൂര്‍വ നേട്ടവുമായി റയല്‍ മഡ്രിഡ് ലോകത്തെ രാജാക്കന്‍മാരായി. ആക്രമണവും പ്രത്യാക്രമണവുമായി കളി തുടങ്ങിയെങ്കിലും 20-ാം മിനിറ്റില്‍ ബോക്സില്‍ നിന്നും ലഭിച്ച പന്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സെക്കന്‍ഡ് പോസ്റ്റിലെത്തിച്ചതോടെ യുവന്റിസിന്റെ മേല്‍ റയലിന്റെ ആദ്യ പ്രഹരം വന്നു. 

ഗോള്‍ തിരിച്ചടിക്കണമെന്ന വീറോടെ കളിച്ച യുവന്റസ് 27-ാം മിനിറ്റില്‍ ഗോള്‍ മടക്കി. ബോക്സില്‍ നിന്നും ലഭിച്ച പന്ത് മാന്‍സൂകിച്ചിന്റെ ബൈസിക്കിള്‍ കിക്കിലൂടെ റയല്‍ ഗോള്‍ കീപ്പര്‍ നവാസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല. 

Champions Leagueരണ്ടാം പകുതി തുടങ്ങി 61-ാം മിനിറ്റില്‍ കാസാമിറോയുടെ ലോങ്ങ് റേഞ്ചില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാമത്തെ ഗോള്‍. റീ ബോണ്ട് വന്ന പന്തിനെ അനായാസം കാസാമിറോ വലയിലെത്തിച്ചു. 64-ാം മിനിറ്റില്‍ മോഡിച്ച് നല്‍കിയ പാസ് സുന്ദരമായി ക്രിസ്റ്റ്യാനോ വലയിലെത്തിച്ചതോടെ റയലിന്റെ മൂന്നാം ഗോളും പിറന്നു. 

85-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അസന്‍സിയോ കൂടി ഗോള്‍ നേടിയതോടെ യുവന്റിസിന്റെ ശവപ്പെട്ടിയില്‍ അവസനാത്തെ ആണിയും അടിച്ച് റയല്‍ രാജാക്കന്‍മാരായി. ഗോള്‍ മടക്കാനായി യുവന്റസ് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 

Champions Leagueഇത് പന്ത്രണ്ടാം തവണയാണ് സ്പാനിഷ് ക്ലബ്ബായ റയല്‍  ചാമ്പ്യന്‍സ് ലീഗില്‍  കിരീടം നേടുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും. മത്സരത്തിലെ ഗോളോടെ ക്രിസ്റ്റ്യാനോ കരിയറില്‍ 600 ഗോളുകള്‍ തികച്ചു. മൂന്ന് വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന താരമായും ക്രിസ്റ്റിയാനോ മാറി. 1990-ന് ശേഷം ആദ്യമായാണ് ഒരു ടീം ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്നത്.