നിയോണ്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനല്‍ ലൈനപ്പായി. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഒരു സെമിഫൈനല്‍. രണ്ടാം സെമിയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ചെത്തിയ യുവന്റസ് കറുത്ത കുതിരകളായ മൊണാക്കോയെ നേരിടും. 

മാഡ്രിഡ് ടീമുകള്‍ തമ്മിലുള്ള ആദ്യപാദ സെമി മെയ് രണ്ടിനും രണ്ടാം പാദം മെയ് പത്തിനും നടക്കും. മൊണോക്കോയും യുവന്റസും മെയ് മൂന്നിന് ആദ്യ പാദവും മെയ് ഒമ്പതിന് രണ്ടാം പാദവും കളിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ നിയോണില്‍ നടന്ന ഡ്രോയിലാണ് സെമിലൈനപ്പ് തെരഞ്ഞെടുത്തത്. 

2014ലും 2016ലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് അതില്റ്റിക്കോയെ പരാജയപ്പെടുത്തിയിരുന്നു. നാലാം തവണ സെമിയിലെത്തുന്ന മൊണാക്കോ ഗ്രൂപ്പ് ഘട്ടം മുതല്‍ 24 ഗോളുകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിരോധാത്മക ഫുട്‌ബോളുമായെത്തുന്ന യുവന്റസും മൊണാക്കോയും തമ്മിലുള്ള സെമി മികച്ച മത്സരമാകും. രണ്ട് ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ യുവന്റസ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. 

1997-98 ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ യുവന്റസിനോട് തോറ്റാണ് മൊണാക്കോ പുറത്തായത്. 2004ല്‍ ഫൈനലിലെത്തിയെങ്കിലും ഫ്രഞ്ച് ക്ലബ്ബിന് കിരീടം നേടാനായില്ല. അതേസമയം രണ്ടു തവണ കിരീടം നേടിയവരാണ് യുവന്റസ്.