കീവ്: സ്പാനിഷ് ലാലിഗയോ അതോ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ? യൂറോപ്പിലെ ഏറ്റവും മികച്ച ലീഗേതെന്ന് ശനിയാഴ്ച രാത്രി അറിയാം. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ശനിയാഴ്ച റയല്‍ മഡ്രിഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.15 മുതലാണ് പോരാട്ടം.
ചെമ്പടയും നക്ഷത്രക്കൂട്ടവും തമ്മിലുള്ള പോരാട്ടം എന്നതിനേക്കാളുപരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഹമ്മദ് സലയും തമ്മിലുള്ള പോരാട്ടം കൂടിയാവും കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുക. 12 തവണ ചാമ്പ്യന്‍മാരായ റയല്‍ ഹാട്രിക് കിരീടമാണ് ചാമ്പ്യന്‍സ് ലീഗില്‍ ലക്ഷ്യംവെക്കുന്നത്. ആറാം കിരീടത്തിനാണ് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ വരവ്.
നാട്ടിലെ ലീഗുകള്‍ കൈവിട്ട ഇരുടീമുകള്‍ക്കും ചാമ്പ്യന്‍സ് ലീഗ് ഏറെ നിര്‍ണായകമാണ്. ലാലിഗയില്‍ റയല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ നാലാമതായായിരുന്നു ലിവര്‍പൂള്‍.
ലീഗിന്റെ പ്രാഥമിക റൗണ്ടിലും നോക്കൗട്ട് ഘട്ടത്തിലും ഇരുടീമുകളും എതിരാളികള്‍ക്കുമേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. സെമിയില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയറണിനെ തോല്‍പ്പിച്ചാണ് റയലിന്റെ മുന്നേറ്റം. ഇറ്റാലിയന്‍ ശക്തികളായ എ.എസ്. റോമയുടെ വെല്ലുവിളികളെ അതിജീവിച്ചാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം.
ടീമിലെ താരങ്ങളെയെല്ലാം ലഭ്യമാണെന്നതാണ് റയലിന് ആശ്വാസം നല്‍കുന്നത്. 4-3-3 ശൈലിയിലാവും ടീമിനെ സിനദിന്‍ സിദാന്‍ കളത്തിലിറക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം കരീം ബെന്‍സേമ, ലുക്കാസ് വാസ്‌ക്വസ് എന്നിവരായിരിക്കും ഇറങ്ങുക. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, കാസെമീറോ എന്നിവരെയാകും റയല്‍ മധ്യനിരയിലിറക്കുക. സെര്‍ജിയോ റാമോസ്, റാഫേല്‍ വരാനെ, ഡാനി കര്‍വജാല്‍, മാഴ്സലോ എന്നിവര്‍ക്കാകും പ്രതിരോധച്ചുമതല. കെയ്ലര്‍ നവാസ് ബാറിന് കീഴിലും. ടൂര്‍ണമെന്റില്‍ ഇതുവരെ 15 ഗോളടിച്ച ക്രിസ്റ്റ്യാനോയിലാണ് റയലിന്റെ പ്രതീക്ഷ.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് ലിവര്‍പൂളിനുള്ളത്. മുഹമ്മദ് സലയ്ക്കൊപ്പം ബ്രസീലിന്റെ റോബര്‍ട്ടോ ഫിര്‍മിനോ, സെനഗലിന്റെ സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന്റെ ശക്തി. മൂവരും ചേര്‍ന്ന് 28 ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. മധ്യനിരയില്‍ ജെയിംസ് മില്‍നര്‍, ജോര്‍ജിനിയോ വെനാള്‍ഡം, ഹെന്‍ഡേഴ്സണ്‍ എന്നിവരുണ്ടാകും. ലോവ്റന്‍, വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, അലെക്സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവരാകും പ്രതിരോധനിരയുടെ കാവല്‍ക്കാര്‍. മുമ്പ് അഞ്ചുതവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂള്‍ മൂന്ന് മത്സരം ജയിച്ചു. രണ്ടു ജയം റയലിനൊപ്പം നിന്നു.
ഫൈനലിന് മുമ്പ് സിദാന്റെ വാര്‍ത്താസമ്മേളനം
Content Highlights: Champions League Football Final Real Madrid vs Liverpool
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..