പാരിസ്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിക്ക് എതിരാളികൾ ആരായിരിക്കും? ബാഴ്സലോണയ്ക്കെതിരേ എട്ടു ഗോൾ അടിച്ച ബയേൺ മ്യൂണിക്കോ അതോ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ലിയോണോ?. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് തുടങ്ങുന്ന ബയേൺ മ്യൂണിക്ക്-ലിയോൺ സെമിഫൈനൽ ആ എതിരാളിയെ തീരുമാനിക്കും.

കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ജർമൻ ക്ലബ്ബായ ലെപ്സിഗിനെ അനായാസം പരാജയപ്പെടുത്തിയാണ് പി.എസ്.ജി ഫൈനലിലെത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം.

ഒരു ഗോൾ അടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത അർജൻീറനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ പ്രകടനമാണ് പി.എസ്.ജിക്ക് തുണയായത്. സസ്പെൻഷൻ കാരണം ക്വാർട്ടർ ഫൈനലിൽ ഡി മരിയ കളിച്ചിരുന്നില്ല. ആ കുറവ് കൂടി സെമിയിൽ താരം നികത്തി.

13-ാം മിനിറ്റിൽ പി.എസ്.ജി ലീഡെടുത്തു. ഡി മരിയയുടെ ക്രോസിൽ നിന്ന് മികച്ച ഹെഡ്ഡറിലൂടെ മർക്കിനസ് ആണ് വല ചലിപ്പിച്ചത്. രണ്ടാം ഗോളിന് പിന്നീട് 42-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. ലെപ്സിഗ് ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഡി മരിയയാണ് രണ്ടാം ഗോൾ നേടിയത്. നെയ്മറിന്റെ ഫ്ളിക്ക് പാസ് സ്വീകരിച്ചായിരുന്നു ഡി മരിയയുടെ ഈ ഗോൾ. 56-ാം മിനിറ്റിൽ ഡി മരിയയുടെ ക്രോസിൽ നിന്ന് ബെർണാഡ് പി.എസ്.ജിക്കായി ലക്ഷ്യം കണ്ടു.

ഈ വിജയം ചരിത്രത്തിൽ ആദ്യമായി പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചു. 2003-2004 സീസണിൽ മൊണോക്കോ ഫൈനലിൽ എത്തിയശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ക്ലബ്ബ് ഫൈനലിന് യോഗ്യത നേടുന്നത്.

Content Highlights:Champions League Football Final PSG