മാഡ്രിഡ്: വിസെന്റെ കാല്‍ഡറോണില്‍ അവസാന മത്സരം ജയത്തോടെ അവിസ്മരണീയമാക്കിയെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് 15-ാം തവണയും ടിക്കറ്റെടുത്തു. ഇനി ജൂണ്‍ മൂന്നിന് കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ യുവന്റസുമായി ഫൈനല്‍ പോരാട്ടം. 

സെമിഫൈനലിന്റെ ആദ്യപാദത്തിലെ മൂന്ന് ഗോള്‍ ലീഡുമായി വിസെന്റെ കാല്‍ഡെറോണില്‍ കളിക്കാനിറങ്ങിയ റയലിനേക്കാള്‍ മികച്ചു നിന്നത് ഡീഗോ സിമിയോണിയുടെ സംഘമായിരുന്നു. എന്തുവില കൊടുത്തും ഫൈനലില്‍ കളിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉറപ്പുവരുത്തി അത്‌ലറ്റിക്കോ 12-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. കരാസ്‌കോയുടെ ഷോട്ട് കോര്‍ണര്‍ വഴങ്ങി റയല്‍ രക്ഷപ്പെടുത്തുന്നു. എന്നാല്‍ ആ കോര്‍ണറില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സോള് നിഗ്യുസിന്റെ പേരെഴുതിയിരുന്നു. കോര്‍ണറിലേക്ക് ഉയര്‍ന്നുചാടി ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ നിഗ്യുസ് പന്ത് റയലിന്റെ വലയിലെത്തിച്ചു. 1-0 (1-3).

നാല് മിനിറ്റിന് ശേഷം റയലിന്റെ ചങ്കിടിപ്പേറ്റി വീണ്ടും സിമിയോണിയുടെ സംഘം ലക്ഷ്യം കണ്ടു. ഇത്തവണ പെനാല്‍റ്റിയില്‍ നിന്നായിരുന്നു അത്‌ലറ്റിക്കോയുടെ ഗോള്‍. ടോറസിനെ റാഫേല്‍ വരാനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ ലക്ഷ്യത്തിലെത്തിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ലാ ലിഗയില്‍ ഈ സീസണില്‍ രണ്ടു തവണയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഗ്രീസ്മാന്‍ പക്ഷേ വിസെന്റെ കാല്‍ഡെറോണിലെ ആരാധകരെ നിരാശപ്പെടുത്തിയില്ല. മനോഹരമായൊരു പനേങ്ക സ്റ്റൈല്‍ കിക്കിലൂടെയായിരുന്നു ഗ്രീസ്മാന്റെ പെനാല്‍റ്റി. 2-0(2-3).

രണ്ടു ഗോള്‍ കൂടി വീണതോടെ റയലിന് സാധ്യത കല്‍പ്പിച്ചവരൊക്കെയം നഖം കടിക്കാന്‍ തുടങ്ങി. എന്നാല്‍ സമ്മര്‍ദത്തിന് അയവു വരുത്തി ഇസ്‌കോ റയലിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. 42ാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ മൂന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് കരീം ബെന്‍സമ നല്‍കിയ അളന്നു മുറിച്ച പാസ്സ് ക്രൂസിന്റെ കാലിലാണെത്തിയത്. എന്നാല്‍ ക്രൂസ് അടിച്ച ഷോട്ട് അത്‌ലറ്റിക്കോ ഗോളി ഒബ്‌ളക്ക് തടുത്തിട്ടു. പക്ഷേ ഭാഗ്യം റയലിനൊപ്പമായിരുന്നു. റീബൗണ്ട് വന്ന പന്ത് ബോക്‌സിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഇസ്‌കോ ഒട്ടും അമാന്തിക്കാതെ വലയിലെത്തിച്ചു. 2-1 (2-4).

ഗോള്‍രഹിതമായ രണ്ടാം പകുതിക്ക് ശേഷം ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയവുമായി റയല്‍ ഫൈനലിലെത്തി. അതല്റ്റിക്കോ മാഡ്രിഡ് നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും പലപ്പോഴും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് വിലങ്ങുതടിയാകുകയായിരുന്നു,