ലണ്ടന്‍: ഈ മാസം 29-ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. 

ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയാണ് പുതിയ വേദി. യുവേഫയാണ് ഇക്കാര്യം അറിയിച്ചത്. 

ഇസ്താംബൂളിന് അട്ടാടര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മാഞ്ചെസ്റ്റര്‍ സിറ്റി - ചെല്‍സി ഫൈനല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച തുര്‍ക്കിയെ ബ്രിട്ടണ്‍ യാത്രാനിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുര്‍ക്കിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു ഈ നടപടി. ഇതോടെയാണ് വേദി മാറ്റാന്‍ യുവേഫ നിര്‍ബന്ധിതരായത്.

ഇതോടെ ഇംഗ്ലീഷ് ആരാധകര്‍ക്ക് മത്സരം കാണാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ പോര്‍ച്ചുഗലിലേക്ക് യാത്ര ചെയ്യാം. പോര്‍ച്ചുഗല്‍ ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റിലാണുള്ളത്. 

ഓരോ ക്ലബ്ബിനും 6,000 ടിക്കറ്റുകള്‍ വീതം അനുവദിക്കുമെന്നും യുവേഫ അറിയിച്ചിട്ടുണ്ട്. 

ഇംഗ്ലണ്ടിലെ വെംബ്ലിയും ഫൈനല്‍ വേദിയായി യുവേഫ പരിഗണിച്ചിരുന്നു. ഫൈനല്‍ നടത്താന്‍ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നടത്തിപ്പ് ബുദ്ധിമുട്ടിലാകുമെന്ന കാരണത്താലാണ് ഫൈനല്‍ വേദി പോര്‍ട്ടോയിലേക്ക് മാറ്റിയത്.

Content Highlights: Champions League final moved from Istanbul to Porto due to COVID-19 risks