മഡ്രിഡ്: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനൊടുവില്‍ മഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്തുന്നത് ലിവര്‍പൂളോ അതോ ടോട്ടനമോ. പ്രവചനങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. മുന്നില്‍ കണ്ട തോല്‍വിയെ പോരാട്ടവീര്യംകൊണ്ട് മറികടന്ന രണ്ട് ടീമുകളാണ് കിരീടപോരാട്ടത്തിന് ശനിയാഴ്ച രാത്രി ബൂട്ടുകെട്ടുന്നത്. രാത്രി 12.30-നാണ് കിക്കോഫ്.

ലിവര്‍പൂള്‍

അവസാനനിമിഷംവരെ പോരാടാനുള്ള കഴിവ്. അതിശക്തമായ മുന്നേറ്റനിര. തന്ത്രങ്ങളുടെ ആശാനായ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. ലിവര്‍പൂള്‍ ആരാധകര്‍ കിരീടമുറപ്പിക്കുന്നത് ഈ മൂന്ന് കാര്യങ്ങളിലെ വിശ്വാസംകൊണ്ടാണ്. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണയ്‌ക്കെതിരേ പുറത്തെടുത്ത പോരാട്ടവീര്യം മാത്രം മതി ടീമിന്റെ മികവറിയാന്‍.

ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടപ്പെട്ട ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്‍പട്ടം കൊണ്ടല്ലാതെ തൃപ്തിപ്പെടാനാകില്ല. മുഹമ്മദ് സല-റോബര്‍ട്ടോ ഫിര്‍മിനോ- സാദിയോ മാനെ എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റമാണ് ടീമിന്റെ ശക്തി. സീസണില്‍ 68 ഗോളാണ് മുന്നേറ്റത്രയം അടിച്ചുകൂട്ടിയത്. പരിക്കുള്ള ഫിര്‍മിനോ കളിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അങ്ങനെയെങ്കില്‍ സെമിഫൈനലില്‍ ഇരട്ടഗോള്‍ നേടിയ ഡിവോഗ് ഒറിഗിക്ക് അവസരം ലഭിക്കും.

ആറാം കിരീടം ലക്ഷ്യമിടുന്ന ടീമിന്റെ പ്രതിരോധവും ശക്തമാണ്. വിര്‍ജില്‍ വാന്‍ഡെയ്ക്കും ജോയല്‍ മാട്ടിപ്പും അണിനിരക്കുന്ന സെന്‍ട്രല്‍ ഡിഫന്‍സ് കോട്ടപോലെ ഉറച്ചതാണ്. വിങ്ബാക്കുകളായ ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡും ആന്‍ഡ്രു റോബര്‍ട്‌സനും ആക്രമണത്തിനുകൂടി ഉപകരിക്കുന്നു. കയറിക്കളിക്കുന്ന ഇരുവര്‍ക്കും ക്ലോപ്പിന്റെ ഗെയിംപ്ലാനില്‍ നിര്‍ണായകസ്ഥാനമുണ്ട്.

തുടര്‍ച്ചയായ ആക്രമണമാണ് ക്ലോപ്പ് നടപ്പാക്കുന്നത്. എതിരാളിയില്‍നിന്ന് പന്ത് കൈവശപ്പെടുത്തുന്ന സമയം മുതല്‍ അതിശക്തമായ പ്രസ്സിങ് ഗെയിം ടീം പുറത്തെടുക്കുന്നു.

ടോട്ടനം

ചാമ്പ്യന്‍സ് ലീഗിലെ നിശബ്ദകൊലയാളികളാണ് ടോട്ടനം. ആരവങ്ങളില്ലാതെയായിരുന്നു അവരുടെ ഫൈനലിലേക്കുള്ള വരവ്. ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, അയാക്‌സ് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തില്‍ അവര്‍ക്ക് മുന്നില്‍വീണു.

പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോ പൊസഷന്‍ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന പരിശീലകനാണ്. അതിനൊപ്പം ആക്രമണംകൂടി കോര്‍ത്തിണക്കുന്ന പൊച്ചെറ്റിനോക്ക് ടീമിനെ ആദ്യ കിരീടവിജയത്തിലേക്ക് നയിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പരിക്കുള്ള ഹാരി കെയ്ന്‍ കളിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. എന്നാല്‍ കെയ്ന്റെ അഭാവത്തില്‍ സെമിയില്‍ ബ്രസീല്‍ താരം ലൂക്കാസ് മൗറ പുറത്തെടുത്ത ഹാട്രിക് പ്രകടനം ടീമിലെ പ്രതിഭാധാരാളിത്തത്തിന്റെ തെളിവാണ്. മധ്യനിരയാണ് ടീമിന്റെ ശക്തി. ഡെലി അലി, ഡോനി റോസ്, ക്രിസ്റ്റ്യന്‍ എറിക്‌സന്‍ എന്നിവര്‍ മധ്യനിരയിലുണ്ടാകും. ലൂക്കാസ് മൗറ- ഹാരി കെയ്ന്‍ ആകും മുന്നേറ്റത്തില്‍. കെയ്ന്‍ ഇല്ലെങ്കില്‍ ഹ്യൂങ് മിന്‍ സണ്‍ മുന്നേറ്റത്തിലേക്ക് വരും.

സാധ്യത ടീം

ലിവര്‍പൂള്‍ (4-3-3) അലിസണ്‍, അര്‍നോള്‍ഡ്, മാട്ടിപ്പ്, വാന്‍ഡെയ്ക്ക്, റോബര്‍ട്‌സന്‍, ഫാബിയാനോ, ഹെന്‍ഡേഴ്സന്‍, വിനാള്‍ഡം, സല, മാനെ, ഫിര്‍മിനോ

ടോട്ടനം (4-3-1-2) ലോറിസ്, ട്രിപ്പിയര്‍, ആള്‍ഡര്‍വെയ്റാള്‍ഡ്, വെര്‍ട്ടോഗന്‍, റോസ്, സിസോക്കോ, വിങ്ക്സ്, എറിക്സന്‍, അലി, കെയ്ന്‍, മൗറ.

Content Highlights: Champions League final Liverpool vs Tottenham Hotspur