കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങും മുമ്പ് പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞത് ഫുട്‌ബോളിന് വേണ്ടി ജനിച്ച ക്രിസ്റ്റിയാനോയുടെ മികവില്‍ റയല്‍ കിരീടം നേടുമെന്നയാരിന്നു. അത് അങ്ങനത്തന്നെ സംഭവിച്ചു. ഇരട്ട ഗോളുമായി തിളങ്ങിയ ക്രിസ്റ്റിയാനോയുടെ മികവില്‍ യുവന്റസിനെ പരാജയപ്പെടുത്തി റയല്‍ കിരീടം നിലനിര്‍ത്തി. 

കാര്‍ഡിഫില്‍ റയല്‍ രാജാക്കന്‍മാരായപ്പോള്‍ അത് ഒരു വിജയത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. റയല്‍ മാഡ്രിഡ് ഒരു ടീമെന്ന നിലയിലും ക്രിസ്റ്റിയാനൊ റൊണാള്‍ജഡൊ ഒരു കളിക്കാരനെന്ന നിലയിലും പിന്നിട്ട റെക്കോര്‍ഡുകള്‍ ഏറെയാണ്.

റയലിന്റെ റെക്കോര്‍ഡുകള്‍

1. ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ബഹുമതി റയല്‍ മാഡ്രിഡിന്. ഇതിന് മുമ്പ് ടൂര്‍ണമെന്റിന് ചാമ്പ്യന്‍സ് ലീഗെന്ന് പേരിടുന്നതിന് മുമ്പ്  എസി മിലാന്‍ 1989ലും 1999ലും കിരീടം നേടിയിരുന്നു.

2. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന ബഹുമതി റയലിന്. കാര്‍ഡിഫില്‍ 12-ാം കിരീടമാണ് റയല്‍ നേടിയത്. ഏഴു കിരീടവുമായി എ.സി മിലാനാണ് രണ്ടാമത്.

3. ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ 500 ഗോള്‍ നേടുന്ന ടീമായി റയല്‍ മാറി. 459 ഗോള്‍ നേടിയ ബാഴ്‌സലോണ രണ്ടാമതും 415 ഗോളുമായി ബയറണ്‍ മ്യൂണിക്ക് മൂന്നാമതും. റയലിനായി ആദ്യ ഗോള്‍ നേടിയത് ഇവാന്‍ സമൊറാനൊ. 100-ാം ഗോള്‍ സാവിയോയും 200-ാം ഗോള്‍ റൊണാള്‍ഡൊ നസാറിയോയും 300-ാം ഗോള്‍ കരീം ബെന്‍സെമയും നേടി. 400-ാം ഗോളും 500-ാം ഗോളും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പേരിലാണ്.

4. 24 അന്താരാഷ്ട്ര കിരീടങ്ങള്‍ അക്കൗണ്ടിലുള്ള റയല്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോര്‍ഡും നേടി. അതില്‍ പകുതിയും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ്.

5. ടൂര്‍ണമെന്റില്‍ ഒരൊറ്റ മത്സരത്തില്‍ മാത്രമേ റയല്‍ ഗോള്‍ വഴങ്ങാതിരുന്നുള്ളു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍. 3-0ത്തിനായിരുന്നു റയലിന്റെ വിജയം.

6. 1957/58 സീസണിന് ശേഷം ലാ ലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും റയല്‍ നേടുന്നത് ആദ്യമായി. 

7. ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകനായി സിനദിന്‍ സിദാന്‍. കിരീടം നിലനിര്‍ത്തുന്ന റയലിന്റെ മൂന്നാം പരിശീലകന്‍.