ലണ്ടൻ: യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ അങ്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. പോർട്ടോയിൽ ഇന്ത്യൻ സമയം ശനിയാഴ്ച്ച രാത്രി 12.30ന് ആ അങ്കത്തിന് വിസിലൂതും. സോണി ലൈവിൽ മത്സരം തത്സമയം കാണാം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കും?

കഴിഞ്ഞ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു. എഫ് എ കപ്പിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ഈ കിരീടം കൂടി നേടിയാൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാക്കാം. അതോടൊപ്പം സെർജിയോ അഗ്യൂറോയ്ക്ക് സിറ്റി ജഴ്സിയിൽ ഇത് അവസാന മത്സരമാണ്. തന്റെ സ്വപ്ന കിരീടവുമായി വിട പറയാനുള്ള ഒരുക്കത്തിലാണ് അഗ്യൂറോ.

അതേസമയം രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ചെൽസി ലക്ഷ്യമിടുന്നത്. പരിശീലകൻ ടൂഹലിന്റെ കീഴിൽ ആദ്യ കിരീടമെന്ന കാത്തിരിപ്പും ഇന്ന് കിരീടം നേടിയാൽ ചെൽസിക്ക് അവസാനിപ്പിക്കാം. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ ചെൽസിക്ക് കിരീടം നഷ്ടപ്പെട്ടിരുന്നു.

ശക്തമായ പ്രതിരോധം തന്നെയാണ് ചെൽസിയുടെ കരുത്ത്. പരിക്ക് മാറി കാന്റെ തിരികെയെത്തും. മുൻനിരയിൽ വെർണർ ഫോമിലെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ടു ടീമിനും പരിക്കുകൾ അലട്ടുന്നില്ല എന്നത് ആശ്വാസകരമാണ്.

Content Highlights: Champions League Final Chelsea Manchester City Football