മിലാന്‍: ആവേശം നിറഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ നാട്ടുകാരായ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്മാര്‍. റയലിന്റെ പതിനൊന്നാമത്തെ കിരീട നേട്ടമാണിത്.

90 മിനിറ്റില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. 32 മിനിറ്റ് എക്‌സ്ട്രാടൈമിലും വിജയ ഗോള്‍ വലയിലാക്കാന്‍ ഇരുടീമുകള്‍ക്കും സാധിക്കാഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ടൗട്ടില്‍ നാലാമത്തെ അവസരത്തില്‍ അത്‌ലറ്റിക്കോയുടെ ജോണ്‍ഫ്രാണിന്റെ ഷോട്ട് ഗോളി തടഞ്ഞിട്ടു. അതോടെ അവസാന ഷോട്ടിനായി എത്തിയ ക്രിസ്റ്റിയാനോയിലെക്കായി ഏവരുടെയും പ്രതീക്ഷ. കൃത്യമായി പന്ത്‌ ക്രിസ്റ്റ്യാനേ ഗോള്‍ വലയിലെത്തിച്ചു. ഒപ്പം റയലിനെ പതിനൊന്നാം കിരീടത്തിലേക്കും. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഷൂട്ടൗട്ടില്‍ (5-3) നാണ് റയലിന്റെ വിജയം

തുടക്കം മുതല്‍ അത്‌ലറ്റിക്കോ അക്രമിച്ചു കളിച്ചെങ്കിലും ആദ്യഗോള്‍ നേടിയത് റയലായിരുന്നു. കളിയുടെ 16 മിനിറ്റില്‍ സെര്‍ജിയോ റോമസാണ് ആദ്യ ഗോള്‍ നേടിയിരുന്നത്. പകരക്കാരന്‍ കറാസ്‌കോയാണ് 79-ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്കായി ഗോള്‍ കണ്ടെത്തിയത്. 

Image

കളിയുടെ ആവേശം പലപ്പോഴും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിക്കും വഴിവച്ചു. 34 ഫൗളുകളാണ് ഇരുടീമുകളും റഫറിയെക്കൊണ്ടു വിളിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇത് മൂന്നാം തവണയാണ് അത്‌ലറ്റിക്കോയ്ക്ക് ചുണ്ടിനും കപ്പിനും ഇടയില്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുന്നത്. 

2014 ല്‍ റയലിനെതിരെ അത്‌ലറ്റിക്കോ ഫൈനല്‍ അടിയറ വച്ചതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണയും. മൂന്നു തവണ ഫൈനലിലെത്തിയിട്ടും കപ്പ് ഉയര്‍ത്താന്‍ സാധിക്കാത്ത ടീമെന്ന റെക്കോര്‍ഡും ഇനി അത്‌ലറ്റിക്കോയുടെ പേരിലാണ്.