ണ്ട് വര്‍ഷം മുന്‍പ് ലിസ്ബണില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനം തന്നെയാകുമോ മിലാനിലും? അതോ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടി അത്‌ലറ്റിക്കോ ചരിത്രത്തില്‍ ഇടം പിടിക്കുമോ? ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിരിക്കുകയാണ്. പ്രീമിയര്‍ ലീഗില്‍ നീല വെളിച്ചം വിതറിയ ലെസ്റ്ററിന്റെ പാത ഒരുപക്ഷേ അത്‌ലറ്റിക്കോയും പിന്തുടര്‍ന്നേക്കാം. ഇതുവെര കിട്ടാക്കനിയായ കിരീടം വിസെന്റെ കാല്‍ഡെറോണിലെത്തിക്കാന്‍ സിമിയോണിയും സംഘവും ഏതറ്റം വരെയും പോകുമെന്നുറപ്പ്.

എന്നാല്‍ റയലിന് മിലാനിലെ മത്സരം അഭിമാനപ്രശ്‌നമാണ്. പത്ത് തവണ സാന്റിയാഗോ ബെര്‍ണാബ്യൂവിലെത്തിച്ച കിരീടം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിച്ചവെച്ച് തുടങ്ങിയ അത്‌ലറ്റിക്കോയ്ക്ക് വിട്ടുകൊടുക്കാന്‍ അവര്‍ ഒരിക്കിലും തയ്യാറാകില്ല. റയലിന്റെ ആരാധകര്‍ ചാമ്പ്യന്‍സ് ലീഗിനെ മറ്റെന്തിനേക്കാളും സ് നേഹിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്നതും അതുകൊണ്ടു തന്നെയാണ്. പക്ഷേ ലിസ്ബണില്‍ നിന്ന് മുറിവേറ്റ് മടങ്ങിയ അത്‌ലറ്റിക്കോ പ്രതികാരം ചെയ്യാനല്ല ശ്രമിക്കുന്നത്, മറിച്ച് ചരിത്രം രചിക്കാനാണ്. നീറിനീറി നേടിയെടുക്കുന്ന വിജയത്തിന് മാധുര്യം കൂടുതലായിരിക്കുമെന്ന ഫെര്‍ണാണ്ടോ ടോറസിന്റെ വാക്കുകളില്‍ ഇത് വ്യക്തമാണ്.

Atletico Madrid
ബയറണിനെ തോല്‍പ്പിച്ച അത്‌ലറ്റിക്കോ താരങ്ങളുടെ ആഹ്ലാദം

 

അത്‌ലറ്റിക്കോയുടെയും റയലിന്റെയും ഫൈനല്‍ പ്രവേശനത്തെ ആറ്റിക്കുറുക്കിയെടുത്താല്‍ അവസാനം ബാക്കിയാകുന്ന രണ്ട് പേരുകള്‍ അന്റോണിയോ ഗ്രിസ്മാനെന്നും ഗരെത് ബെയ്‌ലെന്നുമായിരിക്കും. അത്‌ലറ്റിക്കോ പിന്നിട്ട പാതയേക്കാള്‍ എളുപ്പമുള്ളതായിരുന്നു റയലിന്റെ മിലാനിലേക്കുള്ള യാത്ര . റോമയെയും വോള്‍ഫ്‌സ്ബര്‍ഗിനെയും തോല്‍പ്പിച്ചെത്തിയ റയലിന് അല്‍പ്പം പരീക്ഷണം നേരിട്ടത് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് മാത്രമാണ്. വോള്‍ഫ്‌സ്ബര്‍ഗിനോട് സ്വന്തം മൈതാനത്ത് റൊണാള്‍ഡോയുടെ ഹാട്രിക് ഗോളിലാണ് റയല്‍ വിജയിച്ചത്. 2-0ത്തിന് എവേ മത്സരത്തില്‍ തോറ്റ ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

ഫൈനലിലെത്തിയത് സെല്‍ഫ് ഗോളിന്റെ രൂപത്തിലെന്നത് റയലിന്റെ ചാമ്പ്യന്‍സ് ലീഗിലെ ഭാഗ്യത്തിന് അടിവരയിടുന്നതാണ്. എന്നാല്‍ സിമിയോണിയും സംഘവും നന്നായി അധ്വാനിച്ചു തന്നെയാണ് മിലാനിലേക്കുള്ള ടിക്കറ്റെടുത്തത്. പിഎസ്‌വിയെ പെനാല്‍റ്റിയിലൂടെ തോല്‍പ്പിച്ച അത്‌ലറ്റിക്കോ പിന്നീട് വമ്പന്‍മാരായ ബാഴ്‌സിലോണയെയും ബയറണിനെയും മറികടന്നു. സിമിയോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ മതിയാകുന്നതായിരുന്നില്ല ലൂയിസ് എന്റിക്കും പെപ്പ് ഗാര്‍ഡിയോളയും മെനഞ്ഞ തന്ത്രങ്ങള്‍.

Gareth Bale
 മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ വിജയമാഘോഷിക്കുന്ന ഗരെത് ബെയ്ല്‍

 

റയലിന്റെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ കൗതുകകരമായ പല സംഭവങ്ങളുമുണ്ട്. ആറു തവണ കിരീടം നേടിയശേഷം ഏഴാമത്തെ കിരീടത്തിനായി റയല്‍ കാത്തിരുന്നത് 32 വര്‍ഷമാണ്. പിന്നീട് പത്താം കിരീടത്തിലെത്തിയത് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 

2014ല്‍ ലിസ്ബണിലെ ഡാ ലൂ സ്റ്റേഡിയത്തില്‍ വെച്ച് കപ്പിനും ചുണ്ടിനുമിടയിലാണ് അത്‌ലറ്റിക്കോയ്ക്ക് കിരീടം നഷ്ടപ്പെട്ടത്. ഒരു ഗോളിന് മുന്നിലായിരുന്ന അത്‌ലറ്റിക്കോയെ 93ാം മിനിറ്റില്‍ റാമോസ് നേടിയ ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടതോടെ മത്സരം റയലിന്റെ വരുതിയിലായി. അന്ന് ഗോളടിച്ച ഡീഗോ ഗോഡിന്‍ ഇന്നും അത്‌ലറ്റിക്കോ നിരയിലുണ്ട്. മറുവശത്ത് റാമോസും ബെയ്‌ലും മാര്‍സെലോയും റൊണാള്‍ഡോയും റയലിനൊപ്പവുമുണ്ട്. സിമിയോണി പരിശീലക സ്ഥാനം തുടര്‍ന്നപ്പോള്‍ റയലില്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് പകരം സിനദിന്‍ സിദാന്‍ വന്നു. 

സെര്‍ജിയോ റാമോസ് നയിക്കുന്ന റയലിന്റെ സമ്പുഷ്ടമായ ഇലവനെ ശരിയായ രീതിയില്‍ കളിക്കളത്തില്‍ വ്യന്യസിച്ചതാണ് സിദാന്റെ വിജയതന്ത്രം. എതിര്‍ ടീമിനെ വിലയിരുത്തി തന്ത്രങ്ങള്‍ മെനയുന്ന സിമിയോണി ബയറണിനെതിരായ രണ്ടാം സെമിയില്‍ പ്രതിരോധത്തില്‍ ചക്രവ്യൂഹമൊരുക്കിയാണ് വിജയം പിടിച്ചെടുത്തത്. കളിയുടെ മുക്കാല്‍ സമയത്തും പന്ത് നിയന്ത്രിച്ചത് ബയറണ്‍ ആയിരുന്നിട്ടും വിജയം അത്‌ലറ്റിക്കോയ്‌ക്കൊപ്പം നിന്നു. 

Sergio Aguero
റയലിനെതിരായ മത്സരശേഷം നിരാശയോടെ കളം വിടുന്ന അഗ്യൂറോ

 

കളിക്കാരെയും കളിയെയും വിലയിരുത്തി അവസാനം സിമിയോണിയുടെയും സിദാന്റെയും തന്ത്രങ്ങള്‍ മിലാനില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നത് ആരായിരിക്കും? പതിനൊന്ന് എന്ന മാന്ത്രിക അക്കത്തിലേക്ക് റയല്‍ എത്തിച്ചേരുമോ? അതോ അത്‌ലറ്റിക്കോ മിലാനില്‍ പുതുചരിത്രം രചിക്കുമോ? മെയ് 29 ഞായറാഴ്ച്ച അര്‍ധരാത്രി മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലിറ്റുകള്‍ തെളിയുന്നത് വരെയുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ആരാധകര്‍.