ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ നടത്തിയ വിവാദ ഗോളാഘോഷത്തില്‍ മത്സര വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ അതിരുവിട്ട ആഘോഷത്തിനു മുതിര്‍ന്ന യുവെന്റസ് താരം പെരുമാറ്റച്ചട്ടം ലംഘിച്ചതായി യുവേഫ കണ്ടെത്തിയിരുന്നു. എന്നാല്‍ ശിക്ഷ മത്സര വിലക്കിനു പകരം പിഴയില്‍ ഒതുക്കുകയായിരുന്നു. യുവേഫയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീരുമാനം. 20,000 യൂറോയാണ് താരത്തിന് പിഴയായി വിധിച്ചിരിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിനെതിരേ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റ യുവെന്റസ് രണ്ടാം പാദത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയിച്ച് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 

ഹാട്രിക്ക് തികച്ച ശേഷം സൈഡ്‌ലൈനിനടുത്ത് വെച്ച് കാണികള്‍ക്കു നേരെ റൊണാള്‍ഡോ കാണിച്ച മോശം ആംഗ്യമാണ് വിവാദമായത്. 

നേരത്തെ ആദ്യ പാദത്തില്‍ യുവെന്റസിനെ തോല്‍പിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിയഗോ സിമിയോണി കാണികളെ നോക്കി സമാനമായ ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍.

സിമിയോണിക്കെതിരേ ഇതിന്റെ പേരില്‍ യുവേഫ നടപടിയെടുത്തിരുന്നു. 20,000 യൂറോ പിഴശിക്ഷ തന്നെയായിരുന്നു സിമിയോണിക്കും ലഭിച്ചത്. വിലക്കില്ലാതായതോടെ ഏപ്രില്‍ 11-ന് അയാക്‌സിനെതിരേ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാകും.

Content Highlights: champions League Cristiano Ronaldo escapes ban but fined for Atletico celebration