ടൂറിൻ: ഇറ്റാലിയൽ ലീഗ് ജേതാക്കളായ യുവെന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്. ടൂറിനിലെ സ്വന്തം മൈതാനത്ത് ഒളിമ്പിക് ലിയോണിനെതിരേ ജയം (2-1) നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ യുവെന്റസിനെ മറികടന്ന് ലിയോൺ ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപാദ മത്സരത്തിൽ ലിയോൺ ഒരു ഗോളിന് ജയിച്ചിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടത്തിനും യുവെയെ രക്ഷിക്കാനായില്ല.

12-ാം മിനിറ്റിൽ യുവെയ്ക്കെതിരായ റഫറിയുടെ പെനാൽറ്റിയാണ് അവരുടെ വിധിയെഴുതിയത്. കിക്കെടുത്ത മെംഫിസ് ഡീപെ ലിയോണിനെ മുന്നിലെത്തിച്ചു.

43-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോണോ യുവെന്റസിന്റെ ആദ്യ ഗോൾ നേടി. 60-ാം മിനിറ്റിൽ ഉഗ്രനൊരു ലോങ് റേഞ്ചിലൂടെ അദ്ദേഹം ലീഡുയർത്തുകയും ചെയ്തു. പക്ഷേ ക്വാർട്ടറിലേക്ക് മുന്നേറാൻ യുവെയ്ക്ക് ഒരു ഗോൾ കൂടി നേടേണ്ടതുണ്ടായിരുന്നു.

മൂന്നാം ഗോളിനായി യുവെ 71-ാം മിനിറ്റിൽ ഡിബാലയെ എത്തിച്ചെങ്കിലും താരം പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി. ക്വാർട്ടറിൽ ലിയോൺ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടും.

Content Highlights: Champions League Cristiano Ronaldo double in vain as Juventus exit