മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയോടെ റയല്‍ മഡ്രിഡ്, പി.എസ്.ജി. ക്ലബ്ബുകള്‍ കളത്തില്‍. ബുധനാഴ്ച രാത്രിയാണ് നിര്‍ണായക മത്സരങ്ങള്‍.

ഗ്രൂപ്പ് എയിലെ വമ്പന്‍പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും പി.എസ്.ജി.യും നേര്‍ക്കുനേര്‍ വരും. ജയിക്കുന്ന ടീമിന് നോക്കൗട്ട് റൗണ്ട് ഉറപ്പാകും. ഉഗ്രന്‍ ഫോമില്‍ കളിക്കുന്ന സിറ്റിയും പി.എസ്.ജിയും മികച്ച ടീമിനെ തന്നെയാണ് അണിനിരത്തുക. പി.എസ്.ജിയില്‍ സെര്‍ജിയോ റാമോസ് അരങ്ങേറ്റം കുറിച്ചേക്കും. പരിക്കില്‍ നിന്ന് മോചിതനായ താരം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. മെസ്സി-എംബാപ്പെ-നെയ്മര്‍ ത്രയം നയിക്കുന്ന മുന്നേറ്റ നിരയാണ് പി.എസ്.ജിയുടെ ശക്തി. 

മറുവശത്ത് ടീം ഗെയിമിലൂടെ മുന്നേറാനാണ് സിറ്റി ശ്രമിക്കുക. പരിക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ജാക്ക്‌ ഗ്രീലിഷിന്  പി.എസ്.ജിയ്‌ക്കെതിരായ മത്സരവും നഷ്ടമായേക്കും. റൂബന്‍ ഡയസ്സും റിയാഡ് മെഹ്‌റസും ടീമിലേക്ക് തിരിച്ചെത്തുന്നത് സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കുന്നു. പ്ലേ മേക്കര്‍ കെവിന്‍ ഡിബ്രുയിനെയുടെ അഭാവമാണ് സിറ്റി നേരിടുന്ന പ്രധാന പ്രശ്‌നം. 

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ക്ലബ്ബ് ബ്രഗ്ഗയും ലെയ്പ്സിഗും ഏറ്റുമുട്ടും. രാത്രി 1.30-നാണ് മത്സരങ്ങള്‍. ഗ്രൂപ്പ് ഡിയില്‍ റയല്‍ മഡ്രിഡിന് ഷെരീഫ് ടിറാസ്പോളാണ് എതിരാളി. ഇന്റര്‍മിലാന്‍ ഷാക്തര്‍ ഡൊണെറ്റ്സ്‌കുമായും കളിക്കും. ഒമ്പത് പോയന്റുള്ള റയലിന് ജയം നോക്കൗട്ട് ബര്‍ത്ത് സമ്മാനിക്കും.

ഗ്രൂപ്പ് ബിയില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. യോഗ്യത ഉറപ്പിച്ച ലിവര്‍പൂളിന് പോര്‍ട്ടോയാണ് എതിരാളി. അത്ലറ്റിക്കോ മഡ്രിഡ് എ.സി. മിലാനുമായും കളിക്കും. അഞ്ച് പോയന്റുള്ള പോര്‍ട്ടോയ്ക്കും നാല് പോയന്റുള്ള അത്ലറ്റിക്കോ മഡ്രിഡിനും ജയം അനിവാര്യമാണ്.

Content Highlights: Champions league clash between PSG and Manchester City