ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്ന് കണ്ട മത്സരത്തില്‍ സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരേ സമനില പിടിച്ച് ചെല്‍സി. 

4-1 ന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലെ 11 മിനിറ്റുള്ളില്‍ നേടിയ മൂന്നു ഗോളിനാണ് ചെല്‍സി സമനില പിടിച്ചത്. ഇരു ടീമുകളും നാലു ഗോളികള്‍ വീതം നേടി. അടുത്തടുത്ത മിനിറ്റുകളില്‍ രണ്ട് അയാക്‌സ് താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി.

അയാക്‌സിന്റെ ആക്രമണ ഫുട്‌ബോളിനു മുന്നില്‍ പതറിയ ചെല്‍സിയെയാണ് മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ കാണാനായത്. രണ്ടാം മിനിറ്റില്‍ തന്നെ ഒരു ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതിനിടെ ടാമി അബ്രഹാമിന്റെ സെല്‍ഫ് ഗോളില്‍ ചെല്‍സി പിന്നിലായി. എന്നാല്‍ പുലിസിച്ചിനെ വെല്‍റ്റ്മാന്‍  ബോകിസില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നാലാം മിനിറ്റില്‍ ജോര്‍ജിന്യോ ചെല്‍സിയെ ഒപ്പമെത്തിച്ചു. 

എന്നാല്‍ നിരന്തര ആക്രമണങ്ങളിലൂടെ 20-ാം മിനിറ്റില്‍ ക്വിന്‍സി പ്രോമസിലൂടെ അയാക്‌സ് വീണ്ടും ലീഡെടുത്തു. 35-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ കെപ്പയുടെ സെല്‍ഫ് ഗോള്‍ കൂടിയായതോടെ ചെല്‍സി രണ്ടു ഗോളിന് പിന്നിലായി. ആദ്യ പകുതി 1-3 ന് പിന്നിലായിരുന്നു ചെല്‍സി.

55-ാം മിനിറ്റില്‍ സിയെച്ചിന്റെ പാസില്‍ നിന്ന് ഡോന്നി വാന്‍ ഡി ബീക്കും അയാക്‌സിനായി സ്‌കോര്‍ ചെയ്തു. എന്നാല്‍ 60-ാം മിനിറ്റില്‍ ഹഡ്‌സണ്‍ ഒഡോയ് കളത്തിലിറങ്ങിയതോടെ ചെല്‍സി ആക്രമണം ശക്തമാക്കി. 

63-ാം മിനിറ്റില്‍ ടാമി അബ്രഹാമിന്റെ പാസില്‍ നിന്ന് ക്യാപ്റ്റന്‍ സീസര്‍ ചെല്‍സിയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. ഇതിനു പിന്നാലെ 68, 69 മിനിറ്റുകളില്‍ അയാക്‌സ് ഡിഫന്‍ഡര്‍മാരായ ഡലെയ് ബ്ലൈന്‍ഡും വെല്‍റ്റ്മാനും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ ചെല്‍സിക്ക് തിരിച്ചെത്താനുള്ള വഴി തുറന്നു. പ്രതീക്ഷിച്ച പോലെ 71-ാം മിനിറ്റില്‍ ജോര്‍ജിന്യോ ചെല്‍സിയുടെ മൂന്നാം ഗോള്‍ നേടി. ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. 74-ാം മിനിറ്റില്‍ റീസെ ജെയിംസിലൂടെ ചെല്‍സി സമനില പിടിച്ചു.

സമനിലയോടെ ഗ്രൂപ്പ് എച്ചില്‍ ചെല്‍സി, അയാക്‌സ്, വലന്‍സിയ ടീമുകള്‍ക്ക് ഏഴു പോയന്റുകള്‍ വീതമായി. 

Content Highlights: Champions League Chelsea- Ajax draw