നാപ്പിള്‍സ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കെതിരേ ബാഴ്‌സലോണയ്ക്ക് സമനില. ഇറ്റാലിയന്‍ ക്ലബ്ബിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ആക്രമിച്ചുകളിച്ച ബാഴ്സയെ ശക്തമായ പ്രതിരോധത്തിലൂടെ നാപ്പോളി പൂട്ടുകയായിരുന്നു. 30-ാം മിനിറ്റില്‍ മെര്‍ട്ടെന്‍സിലൂടെ നാപ്പോളിയാണ് ആദ്യം മുന്നിലെത്തിയത്. പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്നെങ്കിലും ബാഴ്‌സയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ 57-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഗ്രീസ്മാനാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
അതേസമയം മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വിദാല്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദ മത്സരത്തില്‍ താരത്തിന് കളിക്കാനാകില്ല.
അടുത്തമാസം 19-ന് ബാഴ്‌സയുടെ മൈതാനത്ത് വെച്ചാണ് രണ്ടാംപാദ മത്സരം. എതിരാളികളുടെ തട്ടകത്തില്‍ ഒരു ഗോള്‍ നേടാനായത് രണ്ടാംപാദത്തില്‍ ബാഴ്സയ്ക്ക് മുന്‍തൂക്കം നല്‍കും.
ഇരട്ട ഗോളുകളുമായി നാബ്രി, ചെല്‍സിയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെ ആദ്യപാദ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിക്ക് വമ്പന്‍ തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളിന് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ചെല്‍സിയെ തകര്‍ത്തത്. ചെല്‍സിയുടെ മൈതാനത്തെ മൂന്നു ഗോള്‍ ജയത്തോടെ ബയേണ്‍ ഏറെക്കുറേ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
ഇരട്ട ഗോളുകളുമായി തിളങ്ങിയ സെര്‍ജ് നാബ്രിയാണ് ചെല്‍സിയെ തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 51, 54 മിനിറ്റുകളിലായിരുന്നു നാബ്രിയുടെ ഗോളുകള്‍. 76-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയും ബയേണിനായി സ്‌കോര്‍ ചെയ്തു.
അതേസമയം 83-ാം മിനിറ്റില്‍ മാര്‍ക്കോസ് അലോണ്‍സോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ചെല്‍സിക്ക് തിരിച്ചടിയായി.
Content Highlights: Champions League Barcelona hold Napoli to draw Bayern Munich beat Chelsea