മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് വിജയം. യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ നടന്ന മത്സരത്തില്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിലാണ് ചുവന്ന ചെകുത്താന്‍മാര്‍ അടിയറവു പറഞ്ഞത്. ഓള്‍ഡ് ട്രാഫഡില്‍ ബാഴ്‌സലോണ നേടുന്ന ആദ്യ ജയമാണിത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ബാഴ്‌സയായിരുന്നു പന്ത് കൈവശം വെയ്ക്കുന്നതില്‍ മുന്നില്‍. പതിവ് താളം കളിയില്‍ കണ്ടില്ലെങ്കിലും മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ യുണൈറ്റഡ് ബോക്‌സില്‍ പന്തെത്തിക്കാന്‍ ബാഴ്‌സയ്ക്കായി. 12-ാം മിനിറ്റിലാണ് ബാഴ്‌സയുടെ വിജയം നിര്‍ണയിച്ച ഗോള്‍ വന്നത്. മുന്നേറ്റത്തിനൊടുവില്‍ മെസ്സി ചിപ് ചെയ്ത് നല്‍കിയ പന്ത് സുവാരസ് ഹെഡറിലൂടെ വലയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ കാലില്‍ തട്ടിയാണ് പന്ത് വലയില്‍ കയറിയത്. വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.

ഇതിനിടെ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസ്സിക്ക് മൂക്കിന് പരിക്കേറ്റു. മൂക്കില്‍ നിന്ന് രക്തം വന്ന മെസ്സി ചികിത്സ തേടിയ ശേഷമാണ് പിന്നീട് കളിക്കാനിറങ്ങിയത്. ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധം ഉറച്ചു നിന്നു. ആദ്യ പകുതിയില്‍ 70 ശതമാനത്തിലേറെ സമയം പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു.

ഗോള്‍ തിരിച്ചടിക്കാനുള്ള യുണൈറ്റഡിന്റെ മുന്നേറ്റങ്ങള്‍ക്ക് പലതിനും ലക്ഷ്യബോധമുണ്ടായിരുന്നില്ല. 74-ാം മിനിറ്റില്‍ ഡാലോട്ടിനെ പിന്‍വലിച്ച് ലിന്‍ഗാര്‍ഡിനെ സോള്‍ഷ്യര്‍ കളത്തിലിറക്കിയെങ്കിലും അതും ഫലം കണ്ടില്ല. മത്സരത്തില്‍ ഒരു ഷോട്ടുപോലും ഗോളിലേക്ക് ഉതിര്‍ക്കാനാകാതെയാണ് യുണൈറ്റഡ് തോല്‍വി സമ്മതിച്ചത്. 807 പാസുകള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് പലതിനും യുണൈറ്റഡിന് മറുപടിയുണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ യുണൈറ്റഡിന്റെ നാലാം പരാജയമാണിത്.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് സ്‌റ്റേജില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായിരുന്നു ഇന്നത്തേത്. 17-ാം തീയതി ബാഴ്‌സയുടെ മൈതാനമായ നൗ ക്യാമ്പിലാണ് രണ്ടാം പാദ മത്സരം. കഴിഞ്ഞ മൂന്ന് സീസണുകളിലും ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ സാധിച്ചിട്ടില്ലെന്ന പേരുദോഷം മാറ്റാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ.

Champions League

ആദ്യം റയല്‍, ഇനി?

ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് ഡച്ച് ശക്തികളായ അയാക്സ് സമനിലയില്‍തളച്ചു. അയാക്‌സിന്റെ സ്വന്തം മൈതാനമായ ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രസ്സിങ് ഗെയിമാണ് യുവെന്റസ് പുറത്തെടുത്തത്. എന്നാല്‍ പന്ത് കൈവശം വെയ്ക്കുന്നതില്‍ അയാക്‌സായിരുന്നു മുന്നില്‍. 45-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവെന്റസാണ് ആദ്യം സ്‌കോര്‍ ചെയ്തത്. കാന്‍സലോയുടെ ക്രോസില്‍ കൃത്യമായി തലവെച്ച റൊണാള്‍ഡോ പന്ത് അയാക്‌സ് വലയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ 125-ാം ഗോളായിരുന്നു അത്. 

ആദ്യ പകുതിയില്‍ പിന്നിലായെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അയാക്‌സ് യുവെന്റ്‌സിനെ ഞെട്ടിച്ചു. ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ 46-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡേവിഡ് നെരെസ് അവരെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും ഗോളടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 

മത്സരത്തില്‍ ആറു ഷോട്ടുകളാണ് അയാക്‌സ് ലക്ഷ്യത്തിലേക്ക് പായിച്ചത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത് യുവെന്റ്‌സ് ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്, അത് ഗോളാകുകയും ചെയ്തു. 

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡിനെ പുറത്താക്കിയത് വെറും അദ്ഭുമല്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു അയാക്‌സിന്റേത്. അതേസമയം യുവെന്റസിന് 17-ാം തീയതി ടൂറിനിലെ സ്വന്തം മൈതാനത്ത് രണ്ടാം പാദ മത്സരത്തില്‍ എവേ ഗോളിന്റെ ആനുകൂല്യം ലഭിക്കും.

Content Highlights: Champions League barcelona beat  Manchester United, juventus - ajax match drawn