ലണ്ടന്‍: ഗോളടിച്ച് കൂട്ടാന്‍ മത്സരിച്ച നാല് ടീമുകള്‍, ആകെ വീണത് 14 ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മൊണോക്കോയും അത്‌ലറ്റിക്കോ മാഡ്രിഡും ബയേര്‍ ലെവര്‍കൂസനും തമ്മില്‍ നടന്ന മത്സരത്തെ ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോയ്ക്ക് അവസരം നല്‍കാതെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ അഞ്ചു ഗോളിന് വിജയിച്ചപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജര്‍മന്‍ ക്ലൂബ്ബയാ ബയേര്‍ ലെവര്‍കൂസനെ 4-2 ന് പരാജയപ്പെടുത്തി. 

അറ്റാക്കിങ്ങില്‍ ഒട്ടും പതറാതെ മുന്നേറിയാണ് സിറ്റി മൊണോക്കോയുടെ വെല്ലുവിളി അതിജീവിച്ചത്. സെര്‍ജിയോ അഗ്യൂറോ ഇരട്ടഗോള്‍ നേടിയപ്പോള്‍ റഹീം സ്‌റ്റെര്‍ലിങ്ങും ലെറോയ് സാനെയും വിട്ടുകൊടുത്തില്ല. ഇരുവരും ഓരോ ഗോള്‍ വീതം എതിര്‍ വലയിലെത്തിച്ചു. ഒരു ഗോള്‍ ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണെസിന്റെ വകയായിരുന്നു. മൂന്നു ഗോള്‍ തിരിച്ചടിച്ച് മൊണോക്കോ സിറ്റിയോട് മികച്ച പോരാട്ടമാണ് കാഴ്ച്ചവെച്ചത്. മൊണോക്കോയ്ക്കായി റഡാമല്‍ ഫാല്‍ക്കാവോ ഇരട്ടഗോള്‍ നേടി. മാര്‍ച്ച് 16ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വലിയ മാര്‍ജിനില്‍ വിജയം നേടിയാല്‍ മാത്രമേ മൊണോക്കോയ്ക്ക് ക്വാര്‍ട്ടറിലെത്താനാകൂ.

ലെവര്‍കൂസനെതിരെ നിഗ്വെസ് സോളാണ് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചത്. 25-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീട് ലെവര്‍കൂസ്‌ന ഗോളടിക്കാനുള്ള അവസരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കരീം ബെല്ലറാബിയുടെ ഗോളിലൂടെ ലെവര്‍കൂസന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 59-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കെവിന്‍ ഗമെയ്‌റോ അത്‌ലറ്റിക്കോയുടെ ലീഡ് രണ്ടാക്കി തന്നെ നിലനിര്‍ത്തി. 

68-ാം മിനിറ്റില്‍ സ്റ്റീഫന്‍ സാവികിന്റെ സെല്‍ഫ് ഗോള്‍ അത്‌ലറ്റിക്കോയ്ക്ക് കുറച്ച് ക്ഷീണമുണ്ടാക്കിയെങ്കിലും കളി തീരാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ ഫെര്‍ണാണ്ടോ ടോറസ് അത്‌ലറ്റിക്കോയുടെ വിജയമുറപ്പിക്കുകയായിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടായ ബേ അറീനയില്‍ തന്നെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ തോറ്റത് ലെവര്‍കൂസന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ ഏകദേശം ഇല്ലാതാക്കി. മാര്‍ച്ച് 16 നാണ് രണ്ടാം പാദം.