മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം റൊണാൾഡോ | Photo: AFP
മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും യുവന്റസും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ബയേണ്‍ ബെന്‍ഫിക്കയെയും യുവന്റസ് സെനിത് സെയ്ന്റ്പീറ്റേഴ്‌സ്‌ബെര്‍ഗിനെയും തോല്‍പ്പിച്ചു. ചെല്‍സിയും ബാഴ്‌സലോണയും വിജയിച്ചപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സമനിലക്കുരുക്കില്‍ വീണു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് തുണയായത്.
ഫൈവ് സ്റ്റാര്‍ മികവില്‍ ബയേണ്‍, പ്രതീക്ഷ പുലര്‍ത്തി ബാഴ്‌സ

ഗ്രൂപ്പ് ഇ യില്‍ ബെന്‍ഫിക്കയെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 26, 61, 84 മിനിട്ടുകളിലാണ് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി വല ചലിപ്പിച്ചത്. സെര്‍ജിയോ നാബ്രി, ലിറോയ് സനെ എന്നിവരും ലക്ഷ്യം കണ്ടു. ബെന്‍ഫിക്കയ്ക്കായി മൊറോട്ടയും ഡാര്‍വിന്‍ ന്യൂനസും സ്‌കോര്‍ ചെയ്തു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും വിജയിച്ച് ബയേണ്‍ നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. 70-ാം മിനിട്ടില്‍ യുവതാരം അന്‍സു ഫാത്തിയാണ് ബാഴ്‌സയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബാഴ്‌സയ്ക്ക് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. ഈ വിജയത്തോടെ ടീം ബയേണിന് താഴെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.
നാലടിച്ച് യുവന്റസ്, മാല്‍മോയെ മറികടന്ന് ചെല്‍സി

ഗ്രൂപ്പ് എച്ചില്‍ യുവന്റസ് രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് സെനിത് സെയ്ന്റ് പീറ്റേഴ്‌സ് ബെര്‍ഗിനെ പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. സീരി എ യില്‍ മോശം ഫോം തുടരുന്ന യുവന്റസ് അതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ പ്രകടനമാണ് ചാമ്പ്യന്‍സ് ലീഗില്‍ കാഴ്ചവെയ്ക്കുന്നത്. ആദ്യ നാല് മത്സരങ്ങളിലും വിജയിച്ചാണ് യുവന്റസിന്റെ കുതിപ്പ്. മത്സരത്തില്‍ സൂപ്പര്‍ താരം പൗലോ ഡിബാല ടീമിനായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഫെഡെറിക്കോ കിയേസ, ആല്‍വാരോ മൊറാട്ട എന്നിവരും ലക്ഷ്യം കണ്ടു. സെനിതിനായി സാര്‍ദാര്‍ അസ്മൗന്‍ വലകുലുക്കിയപ്പോള്‍ ലിയോണാര്‍ഡോ ബൊന്നൂച്ചിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് മാല്‍മോയെ വീഴ്ത്തി. 56-ാം മിനിട്ടില്‍ ഹക്കിം സിയെച്ചാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ചെല്‍സി നോക്കൗട്ട് യോഗ്യതയുടെ അടുത്തെത്തി. നിലവില്‍ ഗ്രൂപ്പ് എച്ചില്‍ യുവന്റസിന് താഴെ രണ്ടാം സ്ഥാനത്താണ് ചെല്‍സി.
വീണ്ടും യുണൈറ്റഡിന്റെ രക്ഷകനായി റൊണാള്‍ഡോ
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ അത്‌ലാന്റയ്‌ക്കെതിരേ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അവസാന നിമിഷം സമനില നേടി തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 12-ാം മിനിട്ടില്‍ അത്‌ലാന്റ ലീഡെടുത്തു. ജോസിപ് ഇല്ലിസിച്ചാണ് ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തത്. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഇല്ലിസിച്ചിന്റെ ദുര്‍ബലമായ ഷോട്ട് കൈയ്യിലൊതുക്കാന്‍ ഹിയയ്ക്ക് സാധിച്ചില്ല. ഹിയയുടെ കൈയ്യില്‍ ഉരസിയാണ് പന്ത് വലയിലെത്തിയത്.
എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ റൊണാള്‍ഡോ യുണൈറ്റഡിനുവേണ്ടി സമനില ഗോള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മനോഹരമായ പാസ് സ്വീകരിച്ച റൊണാള്‍ഡോ പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയില്‍ അത്‌ലാന്റ വീണ്ടും ലീഡെടുത്തു. 58-ാം മിനിട്ടില്‍ ഡുവാന്‍ സപാറ്റയാണ് അത്‌ലാന്റയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. യുണൈറ്റഡ് പ്രതിരോധത്തെ സമര്‍ഥമായി കബിളിപ്പിച്ചാണ് ഗോള്‍ പിറന്നത്.
മത്സരത്തില്‍ യുണൈറ്റഡ് തോല്‍വി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് റൊണാള്‍ഡോ രക്ഷകനാകുകയായിരുന്നു. മേസണ്‍ ഗ്രീന്‍വുഡിന്റെ പാസ് സ്വീകരിച്ച് റൊണാള്‍ഡോ ബോക്‌സിന് വെളിയില്‍ നിന്ന് തൊടുത്തുവിട്ട ഷോട്ട് തീയുണ്ട പോലെ വലയില്‍ കയറി. ഇതോടെ യുണൈറ്റഡ് സമനില നേടി രക്ഷപ്പെട്ടു. എങ്കിലും ഗ്രൂപ്പ് എഫില്‍ ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യങ് ബോയ്‌സിനെ കീഴടക്കി.
ചാമ്പ്യന്‍സ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലില്ലെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തിയപ്പോള്‍ വോള്‍വ്‌സ്ബര്‍ഗ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആര്‍.ബി.സാല്‍സ്ബര്‍ഗിനെ അട്ടിമറിച്ചു.
Content Highlights: champions league 2021-22, manchester united, chelsea, bayern munic, barcelona, juventus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..