ചാമ്പ്യന്‍സ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ കരുത്തരായ റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്, അയാക്‌സ് ടീമുകള്‍ക്ക് വിജയം. എന്നാല്‍ വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി സമനില കുരുക്കില്‍ വീണു.

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ കരുത്തരായ ഇന്റര്‍ മിലാനെയാണ് റയല്‍ മഡ്രിഡ് വീഴ്ത്തിയത്. ഗ്രൂപ്പ് ഡി യില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ വിജയം. 89-ാം മിനിട്ടില്‍ റോഡ്രിഗോയാണ് ടീമിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഡോണെസ്‌കിനെ താരതമ്യേന ദുര്‍ബലരായ ഷെറിഫ് അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഷെറിഫിന്റെ വിജയം. അഡമ ട്രയോരെയും മോമോ യാന്‍സാനെയും ടീമിനായി ലക്ഷ്യം കണ്ടു. 

നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി മൂന്നിനെതിരേ ആറുഗോളുകള്‍ക്ക് ആര്‍.ബി ലെയ്പ്‌സിഗിനെ തകര്‍ത്തു. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ സിറ്റിയ്ക്ക് വേണ്ടി നതാന്‍ അകെ, റിയാദ് മെഹ്‌റെസ്, സൂപ്പര്‍താരം ജാക്ക് ഗ്രീലിഷ്, ജോവാന്‍ കാന്‍സെലോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നോര്‍ഡി മുകിയേലിയുടെ സെല്‍ഫ് ഗോളും നീലപ്പടയ്ക്ക് തുണയായി. ലെയ്പ്‌സിഗിനായി ക്രിസ്റ്റഫര്‍ എന്‍കുനു ഹാട്രിക്ക് നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ പി.എസ്.ജിയെ താരതമ്യേന ദുര്‍ബലരായ ക്ലബ്ബ് ബ്രഗ്ജ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

15-ാം മിനിട്ടില്‍ ആന്‍ഡര്‍ ഹെരേരയിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 27-ാം മിനിട്ടില്‍ ഹാന്‍സ് വനാകെനിലൂടെ ക്ലബ്ബ് ബ്രഗ്ജ് സമനില ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയ്ക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി അരങ്ങേറ്റം കുറിച്ചു. മെസ്സി, നെയ്മര്‍, എംബാപ്പെ തുടങ്ങിയ പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങിയിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല.

ഗ്രൂപ്പ് ബി യില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലിവര്‍പൂള്‍ കരുത്തരായ എ.സി.മിലാനെയാണ് കീഴടക്കി. രണ്ടിനെതിരേ മൂന്നൂ ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മുഹമ്മദ് സല, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ ലിവര്‍പൂളിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ആന്റെ റെബിച്ച്, ബ്രാഹിം ഡയസ് എന്നിവര്‍ മിലാന് വേണ്ടി വലചലിപ്പിച്ചു. ദീര്‍ഘകാലത്തിനുശേഷമാണ് എ.സി.മിലാന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മഡ്രിഡ് സമനിലക്കുരുക്കില്‍ വീണു. പോര്‍ട്ടോയാണ് അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്. മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും സുവാരസിനും സംഘത്തിനും അത് മുതലാക്കാനായില്ല. 

ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബെസിക്റ്റാസിനെ കീഴടക്കി. ഗ്രൂപ്പ് സി യില്‍ നടന്ന മത്സരത്തില്‍ ഡോര്‍ട്മുണ്ടിനായി ജൂഡ് ബെല്ലിങ്ങാം, എര്‍ലിങ് ഹാളണ്ട് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഫ്രാന്‍സിസ്‌കോ മോണ്‍ടെറോ ബെസിക്റ്റാസിന്റെ ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ അയാക്‌സ് സ്‌പോര്‍ട്ടിങ്ങിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തകര്‍ത്തു. നാലു ഗോളടിച്ച് മിന്നും പ്രകടനം കാഴ്ചവെച്ച സെബാസ്റ്റ്യന്‍ ഹാളറാണ് ടീമിന്റെ വിജയശില്‍പി. സ്റ്റീവന്‍ ബെര്‍ഗ്യൂയിസും സ്‌കോര്‍ ചെയ്തു. സ്‌പോര്‍ട്ടിങ്ങിനായി പൗളീന്യോ ആശ്വാസ ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. 

Content Highlights: Champions League 2021-2022 group stage match results