മാഡ്രിഡ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനായി സ്പാനിഷ് ലീഗ് വമ്പന്‍മാരും പത്ത് വട്ടം ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ബുധനാഴ്ച കൊമ്പുകോര്‍ക്കുന്നു. റയലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണാബൂവിലാണ് മത്സരം.

Real Madrid

മാഞ്ചസ്റ്ററില്‍ നടന്ന സെമിഫൈനല്‍ ഒന്നാം പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. പരിക്കുമൂലം കഴിഞ്ഞ മൂന്ന് കളികളില്‍ വിട്ടുനിന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് റയലിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

മൂന്നുവട്ടം ഫിഫയുടെ മികച്ച താരമായ ക്രിസ്റ്റ്യാനോ തിരിച്ചെത്തുമ്പോള്‍ കരീം ബെന്‍സമയും ബ്രസീലിയന്‍ താരം കാസെമിരോയും റയലിനു വേണ്ടി കളത്തിലുണ്ടാകില്ല. ഇരുവര്‍ക്കും പരിക്കാണ്. ആദ്യപാദത്തില്‍ തിളങ്ങാതെപോയ സിറ്റിക്ക് പ്ലേമേക്കര്‍ ടുറെ തിരിച്ചെത്തുന്നത് പ്രതീക്ഷ പകരുന്നു. പ്‌ക്ഷേ ആദ്യപാദത്തില്‍ പരിക്കേറ്റ സ്പാനിഷ് താരം ഡേവിഡ് സില്‍വയും ഫ്രഞ്ച് താരം സമീര്‍ നസ്രിയും സിറ്റി സംഘത്തിലുണ്ടാകില്ല. 

 

മുന്‍ ലോക ഫുട്‌ബോളര്‍ സിനദിന്‍ സിദാന്റെ ശിക്ഷണത്തിലിറങ്ങുന്ന റയലിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കുകയെന്നത് സിറ്റിക്ക് ശ്രമകരമായിരിക്കും. 
ചാമ്പ്യന്‍സ് ലീഗില്‍ ഇരുടീമുകളും അവസാനമായി മാറ്റുരച്ചത് 2012ലാണ്. അന്ന് ലീഗ് ഘട്ടത്തില്‍ 4-3ന് സിറ്റിയെ തോല്‍പ്പിച്ചിരുന്നത്. 

ക്വാര്‍ട്ടറില്‍ സിറ്റി, പി.എസ്.ജിയെ 3-2ന് തോല്‍പ്പിച്ചപ്പോള്‍ വോള്‍ഫ്‌സ്ബര്‍ഗിനെ 3-2ന് കീഴടക്കിയായിരുന്നു റയലിന്റെ സെമിപ്രവേശം.