മ്യൂണിക്ക്:  സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ബയറണ്‍ മ്യൂണിക്കിനോട് തോറ്റെങ്കിലും എവേ ഗോളിന്റെ മികവിലാണ് അത്‌ലറ്റിക്കോ ഫൈനലിലെത്തിയത്. മ്യൂണിക്കില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ 2-1നായിരുന്നു ബയറണിന്റെ വിജയം. മാഡ്രിഡില്‍ നടന്ന ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ 1-0ത്തിന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 ആയതോടെ ബയറണിന്റെ മൈതാനത്ത് ഗോള്‍ നേടിയത് അത്‌ലറ്റിക്കോയെ തുണച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിയത്. 

കളി തുടങ്ങി 31ാം മിനിറ്റില്‍ സാബി അലോണ്‍സയിലൂടെ ബയറണ്‍ ആദ്യ പാദത്തിലെ കടം വീട്ടി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയെ സമനിലയിലെത്തിച്ചു. 74ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയറണിന്റെ വിജയഗോള്‍ നേടി. പിന്നീട് ഗോള്‍വഴങ്ങാതെ പിടിച്ചു നിന്ന അത്‌ലറ്റിക്കോയുടെ പ്രതിരോധത്തെ കീഴടക്കാന്‍ ബയറണിന് കഴിഞ്ഞില്ല. 

രണ്ട് പെനാല്‍റ്റി കിക്കുകള്‍ പാഴാകുന്നതിനും മത്സരം സാക്ഷിയായി. ബയറണിന്റെ തോമസ് മുള്ളറും അത്‌ലറ്റിക്കോയുടെ ഫെര്‍ണാണ്ടോ ടോറസുമെടുത്ത പെനാല്‍റ്റികള്‍ ഗോള്‍കീപ്പര്‍മാര്‍ തടയുകയായിരുന്നു.

ഫോട്ടോ കടപ്പാട്: ഫെയ്‌സ്ബുക്ക്