റിയോ ഡി ജനെയ്‌റോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബെര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോ ഡി ജനെയ്‌റോയില്‍ വെച്ചായിരുന്നു കാര്‍ലോസ് ആല്‍ബെര്‍ട്ടോയുടെ മരണം.

53 മത്സരങ്ങളില്‍ ബ്രസിലീന്റെ പ്രതിരോധം കാത്ത ആല്‍ബെര്‍ട്ടൊ എട്ട് ഗോളുകളും നേടിയിട്ടുണ്ട്. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ നായകനുമായിരുന്നു.

അന്ന് ഇറ്റലിക്കെതിരെ 4-1ന് വിജയിച്ച ഫൈനലില്‍ ആല്‍ബെര്‍ട്ടൊ മനോഹരമായൊരു ഗോള്‍ നേടി. വലതു വിങ്ങില്‍ നിന്ന് വലംകാല്‍കൊണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് വെടിയുണ്ട കണക്കെ അടിച്ച ഗോള്‍ ഇന്നും പ്രശസ്തമാണ്. 

Carlos Alberto
ലോകകപ്പുമായി കാര്‍ലോസ് ആല്‍ബെര്‍ട്ടൊ     ഫോട്ടോ:എ.പി

ഫ്‌ളുമിനെന്‍സ്, സാന്റോസ്, ഫ്‌ളെമിങ്ങോ, ന്യൂയോര്‍ക്ക് കോസ്‌മോസ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ച ആല്‍ബെര്‍ട്ടോ 1962 മുതല്‍ 1982 വരെ കളിക്കളത്തില്‍ സജീവമായിരുന്നു. പിന്നീട് 2005 വരെ വിവിധ ക്ലബ്ബുകളുടെ പരിശീലകനായി. 

445 മത്സരങ്ങള്‍ സാന്റോസിനായി കളിച്ച ആല്‍ബെര്‍ട്ടൊ 40 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് കരിയറില്‍ 743 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു.

ലോകകപ്പില്‍ ആല്‍ബെര്‍ട്ടോയുടെ ഗോള്‍