ബാഴ്‌സലോണ: ബാഴ്‌സലോണയ്ക്ക് വേണ്ടി അടുത്ത സീസണില്‍ ബൂട്ടുകെട്ടുന്നതില്‍ സംശയം പ്രകടിപ്പിച്ച് പ്രതിരോധതാരം ജെറാര്‍ഡ് പിക്വെ. നിലവില്‍ ബാഴ്‌സലോണയിലെ ഏറ്റവും മുതിര്‍ന്ന, കൂടുതല്‍ പരിചയ സമ്പത്തുള്ള താരമാണ് പിക്വെ.

ബാഴ്‌സലോണയ്ക്ക് വേണ്ടി 568 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുള്ള ഈ സ്‌പെയിന്‍ താരം ടീമിനൊപ്പം എട്ട് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടി. 

' ബാഴ്‌സലോണയില്‍ ചിലപ്പോള്‍ ഇതെന്റെ അവസാന സീസണ്‍ ആയിരിക്കും. അടുത്ത സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി പന്തുതട്ടുമോ എന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. ബാഴ്‌സയില്‍ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറില്ല. ബാഴ്‌സ വിട്ടാല്‍ ഫുട്‌ബോള്‍ കരിയറിനോട് വിടചൊല്ലും.' പിക്വെ പറഞ്ഞു.

ലാ മാസിയ അക്കാദമിയിലൂടെ കളിച്ചുതുടങ്ങിയ പിക്വെ 2004-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് 2008-ല്‍ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കി. പെപ് ഗാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ പിക്വെ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായി മാറി. 

മെസ്സി ടീം വിട്ടതില്‍ ഏറ്റവുമധികം വിഷമം പ്രകടിപ്പിച്ച താരങ്ങളിലൊരാളാണ് പിക്വെ. ബാഴ്‌സയില്‍ മെസ്സിയുമായി വലിയ സുഹൃദ്ബന്ധമുള്ള പിക്വെയാണ് ഈ സീസണില്‍ ടീമിനെ നയിക്കുന്നത്

Content Highlights: Can't guarantee I will be there next season, says Barcelona defender Pique