ദക്ഷിണ മേഖലാ അന്തസ്സർവകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ കാലിക്കറ്റ് ടീമിന് വൈസ് ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് മാതൃഭൂമി ട്രോഫി സമ്മാനിച്ചപ്പോൾ |ഫോട്ടോ: അജിത് ശങ്കരൻ
തേഞ്ഞിപ്പലം: രണ്ടു ഗോളുകള്‍ക്ക് പിറകിലായശേഷം രണ്ടാംപകുതിയില്‍ പൊരുതിനേടിയ രണ്ടു ഗോളുകളില്‍ എം.ജി. സര്‍വകലാശാലയെ സമനിലയില്‍ തളച്ച് (2-2) കാലിക്കറ്റ് ദക്ഷിണമേഖലാ അന്തസ്സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്മാര്. കാലിക്കറ്റിനുവേണ്ടി ഷംനാദ് ഇരട്ടഗോളടിച്ചു. എംജിക്കായി നിംഷാദ് റോഷനും അദ്നാനും ഗോള്‍ നേടി.
രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റോടെയാണ് കാലിക്കറ്റ് ജേതാക്കള്‍ക്കുള്ള 'മാതൃഭൂമി' ട്രോഫി സ്വന്തമാക്കിയത്. ഒരു വിജയവും രണ്ടു സമനിലയുമായി എം.ജി. അഞ്ചു പോയിന്റ് നേടി രണ്ടാമതായി. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി നാലു പോയിന്റോടെ കണ്ണൂര്‍ മൂന്നാംസ്ഥാനം നേടി. നാല് ടീമുകളും അഖിലേന്ത്യ മത്സരത്തിന് യോഗ്യത നേടി.
കാലിക്കറ്റ്-എം.ജി. മത്സരത്തില്‍ ആദ്യപകുതിയുടെ 18-ാം മിനിറ്റില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് എം.ജി.യുടെ നിംഷാദ് റോഷനാണ് ആദ്യഗോള്‍ നേടിയത്. സമ്മര്‍ദത്തിലായ കാലിക്കറ്റിന്റെ വലയില്‍ 47-ാം മിനിറ്റില്‍ രണ്ടാം ഗോളും വീണു. പ്രതിരോധനിരയുടെ മുകളിലൂടെയെത്തിയ പന്ത് പിടിച്ചെടുത്ത 14-ാം നമ്പര്‍ താരം അദ്നാനാണ് ഗോള്‍ നേടിയത്. രണ്ടാംപകുതിയില്‍ കാലിക്കറ്റ് ഗോള്‍കീപ്പറെയും രണ്ടു കളിക്കാരെയും മാറ്റി ഇറക്കിയതിന് ഉടന്‍തന്നെ ഫലംകണ്ടു. 46-ാം മിനിറ്റില്‍ ഷംനാദ് ആദ്യഗോള്‍ നേടി. തുടര്‍ച്ചയായ ആക്രമണത്തിലൂടെ 54-ാം മിനിറ്റില്‍ ഷംനാദ് വീണ്ടും ലക്ഷ്യംകണ്ടു.
കണ്ണൂര്‍-കേരള മത്സരത്തില്‍ ആകാശ് രവി (44, 48) ഇരട്ട ഗോള്‍ നേടി. സഫാദ് 47-ാം മിനിറ്റിലും മുഷറഫ് 80-ാം മിനിറ്റിലും ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.
കാലിക്കറ്റാണ് നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാര്. കാലിക്കറ്റിന്റെ അക്ബര്‍ സിദ്ദിഖാണ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരം. ക്യാപ്റ്റന്‍ നിസാമുദ്ദീന്‍ മികച്ച സ്ട്രൈക്കറായും കണ്ണൂരിന്റെ മുഹമ്മദ് ഇക്ബാല്‍ മികച്ച ഗോള്‍കീപ്പറായും കേരളയുടെ ജേക്കബ് മികച്ച പ്രതിരോധനിര താരമായും തിരഞ്ഞെടുക്കപ്പെട്ടു. എം.ജി. യുടെ നിധിന് ആണ് മികച്ച മധ്യനിര താരം.
വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മാതൃഭൂമി ട്രോഫിയും സമ്മാനങ്ങളും വിതരണംചെയ്തു. മാതൃഭൂമി മലപ്പുറം റീജണല്‍ മാനേജര്‍ സി. സുരേഷ്കുമാര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായികവിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി. മനോജ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: calicut university wins mathrubhumi trophy title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..