കാലിക്കറ്റ് ടീം കിരീടവുമായി
ചരിത്രം ഓര്മിക്കാനുള്ളതും ചിലപ്പോഴൊക്കെ ആവേശം കൊള്ളാനുള്ളതുമാണ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോളില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യ കിരീട വിജയത്തിന് 50 വര്‍ഷം തികയുമ്പോള്‍ ആവേശവും അഭിമാനവും ഒരുപോലെയുണ്ടാകും. 1971 ഒക്ടോബര്‍ 19 നാണ് സ്വന്തം മണ്ണില്‍ കാലിക്കറ്റ് ആദ്യമായി അശുതോഷ് മുഖര്‍ജിയുടെ പേരിലുള്ള കപ്പുയര്‍ത്തിയത്. കേരളത്തിലെ മറ്റൊരു സര്‍വകലാശാലയ്ക്കും അതുവരെ നേടാന്‍ കഴിയാത്ത ചരിത്രനേട്ടം. സര്‍വകലാശാല നിലവില്‍ വന്ന് മൂന്നാം വര്‍ഷത്തിലാണ് കായികരംഗത്തെ മഹത്തായ നേട്ടം സ്വന്തമായത്. പിന്നീട് പത്തുവട്ടം അഖിലേന്ത്യാതലത്തില്‍ ഫുട്ബോളില്‍ കിരീടവിജയം ആവര്‍ത്തിച്ചു.
ചരിത്രനേട്ടത്തിന് അരനൂറ്റാണ്ട് തികയുമ്പോള്‍ അന്ന് കിരീടനേട്ടത്തിനായി വിയര്‍പ്പൊഴുക്കിയ കളിക്കാരുടെ കളിജീവിതത്തിലേക്കുള്ള അന്വേഷണം കൂടിയാണിത്. അവരില്‍ ഭൂരിഭാഗവും ഇന്ന് ഒരിക്കല്‍ കൂടി ഒത്തുചേരും. ചിലര്‍ ഇന്ത്യയ്ക്കായി കളിച്ചു. മറ്റുചിലര്‍ സന്തോഷ് ട്രോഫിയിലും ക്ലബ് ഫുട്ബോളിലും ബൂട്ടുകെട്ടി. രത്നാകരന്, എം.ആര്.ബാബു, ദിനേശ് പട്ടേല്‍, ശശികുമാര്‍ എന്നിവര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങി.
കിരീടം നേടിയ ടീം അംഗങ്ങള്‍
വിക്ടര്‍ മഞ്ഞില (ക്യാപ്റ്റന്‍, ഗോള്‍കീപ്പര്‍)
പത്തുവര്‍ഷം പ്രീമിയര്‍ ടയേഴ്സ് ക്ലബ്ബിന്റെ ഗോള്‍വല കാത്തു. ഇന്ത്യന്‍ ടീമില്‍ അംഗമായി. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലുണ്ടായിരുന്നു. പിന്നീട് 27 വര്‍ഷം സര്‍വകലാശാലയെ പരിശീലിപ്പിച്ചു. നായകനായും പരിശീലകനായും അഖിലേന്ത്യ കിരീടമെന്ന നേട്ടം സ്വന്തമാക്കി. 1992-ല്‍ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍ ഗോള്‍കീപ്പിങ് പരിശീലകനായി. നിലവില്‍ സര്‍വകലാശാല സെനറ്റ് അംഗം. തൃശ്ശൂരില്‍ താമസം.
കെ.പി. രത്നാകരന് (റൈറ്റ് വിങ് ബാക്ക്)
കണ്ണൂര്‍ സ്വദേശിയായ രത്നാകരന് സന്തോഷ് ട്രോഫി ജയിച്ച കേരളത്തില്‍ അംഗമായിരുന്നു. ഏറെ കാലം ടൈറ്റാനിയത്തിനായി കളിച്ചു.
ഇ. രാമചന്ദ്രന് (റൈറ്റ് സ്റ്റോപ്പര്‍)
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നു. പിന്നീട് കേരള പോസ്റ്റല്‍ ടീമിനായി കളിച്ചു. കോഴിക്കോട് സ്വദേശി.
എം.വി.ഡേവിസ് (ലെഫ്റ്റ് സ്റ്റോപ്പര്‍)
കിരീടവിജയത്തിന്റെ അടുത്ത സീസണില്‍ കാലിക്കറ്റിനെ നയിച്ചത് ഈ പ്രതിരോധതാരമായിരുന്നു. നേരിയ വ്യത്യാസത്തിന് കിരീടം നഷ്ടമായി. അതിനുശേഷം ഫുട്ബോള്‍ വിട്ടു. തൃശ്ശൂര്‍ നെടുപുഴയില്‍ താമസം.
പി. പൗലോസ് (ലെഫ്റ്റ് വിങ് ബാക്ക്)
എട്ടുവര്‍ഷം സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചു. 1973-ല്‍ കിരീടം നേടിയ കേരള ടീമില്‍ അംഗം. പ്രീമിയര്‍ ടയേഴ്സിനായി ബൂട്ടുകെട്ടി. കേരള ഫുട്ബോള്‍ അസോസിയേഷനില്‍ ഭാരവാഹിയായി. നിലവില്‍ കെ.എഫ്.എ സൈ് പ്രസിഡന്റ്. എറണാകുളം സ്വദേശി.
പി.അബ്ദുള്‍ ഹമീദ് (റൈറ്റ് ഹാഫ്)
എട്ട് വര്‍ഷം കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചു. ഒരുവര്‍ഷം ടീമിന്റെ ക്യാപ്റ്റനായി. ക്ലബ്ബ് കരിയറില്‍ കളിച്ചത് ടൈറ്റാനിയത്തിനായി. കണ്ണൂര്‍ സ്വദേശി.
കെ.സി. പ്രകാശ് (ലെഫ്റ്റ് ഹാഫ്)
വിജയത്തിന് ശേഷം ചെന്നൈ എസ്.ബി.ഐ യില്‍ ചേര്‍ന്നു. ക്ലബ്ബ് തലത്തില്‍ ബാങ്കിനായി കളിച്ചു. സന്തോഷ് ട്രോഫിയില്‍ തമിഴ്നാടിനായി മൂന്ന് സീസണുകളില്‍ കളിച്ചു. വയനാട്ടില്‍ താമസം.
പി.കുഞ്ഞിമുഹമ്മദ് (റൈറ്റ് ഔട്ട്)
കാലിക്കറ്റിന്റെ മുന്നേറ്റതാരമായിരുന്ന കുഞ്ഞുമുഹമ്മദ് കോളേജ് പഠനത്തിന് ശേഷം ഫുട്ബോളില്‍ സജീവമായില്ല. ബിസിനസ് രംഗത്തേക്ക് കടന്നു. മലപ്പുറം സ്വദേശി.
എന്‍.കെ. സുരേഷ് (റൈറ്റ് സ്ട്രൈക്കര്‍)
കാലിക്കറ്റ് വിട്ടശേഷം കസ്റ്റംസില്‍ ചേര്‍ന്നു. കസ്റ്റംസിനായി കളിച്ചു. കണ്ണൂര്സ്വദേശി.
എം.ആര്.ബാബു (ലെഫ്റ്റ് സ്ട്രൈക്കര്‍)
തൃശൂര്‍ സ്വദേശിയായ എം.ആര്. ബാബുവും ഫുട്ബോളില്‍ അധികം സജീവമായില്ല. ബിസ്നസിലേക്ക് മാറിയ ബാബുവും അകാലത്തില്‍ പൊലിഞ്ഞു.
ഡോ. എം.ഐ.മുഹമ്മദ് ബഷീര്‍ (ലെഫ്റ്റ് ഔട്ട്)
കിരീടത്തിന് വിജയത്തിന് ശേഷം ഒരു തവണ കാലിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. ഇന്ത്യന്‍ ടീമിലും കളിച്ചു.ക്ലബ്ബ് തലത്തില്‍ പ്രീമിയര്‍ ടയേഴ്സിനായി ബൂട്ടുകെട്ടി. എറണാകുളത്ത് താമസം. ആതുരസേവനരംഗത്ത് സജീവമായി.
റിസര്‍വ് താരങ്ങള്‍
കെ.പി.പ്രദീപ് കുമാര്‍ (ഗോള്‍കീപ്പര്‍)
ടീമിലെ രണ്ടാം ഗോള്‍കീപ്പര്‍. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും കര്‍ണാടകക്കും കളിച്ചു. ബാംഗ്ലൂര്‍ ഏജീസിനായി ഗോള്‍വലകാത്തു. തിരുവനന്തപുരത്ത് താമസം.
അബ്ദുള്‍ റഫീഖ് (റൈറ്റ് സ്ട്രൈക്കര്‍)
കാലിക്കറ്റിന്റെ മുന്നേറ്റനിരയില്‍ വേഗം കൊണ്ട് ശ്രദ്ധേയനായ താരം. കാലിക്കറ്റ് ടീം വിട്ടതിന് ശേഷം ബിസിനസ്സ് ആവശ്യാര്‍ഥം വിദേശത്തേക്ക് പോയി. കണ്ണൂര്‍ സ്വദേശി.
പി.അശോകന് (റൈറ്റ് ഔട്ട്)
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം വിട്ട ശേഷം തപാല്‍ വകുപ്പില്‍ ചേര്‍ന്നു. കേരള പോസ്റ്റില്‍ ടീമിനായി പിന്നീട് ഏറെ കാലം കളിച്ചു. കോഴിക്കോട് സ്വദേശി.
സി.എസ്.ശശികുമാര്‍ (ലെഫ്റ്റ് സ്ട്രൈക്കര്‍)
പാലക്കാട് സ്വദേശിയായ സി.എസ്.ശശികുമാറും ഫുട്ബോളില്‍ അധികകാലം തുടര്‍ന്നില്ല. ബിസിനസ്സ് രംഗത്തേക്ക് മാറിയിരുന്നു.
ദിനേശ് പട്ടേല്‍ (റൈറ്റ് ഹാഫ് ബാക്ക്)
കോഴിക്കോട്ടുകാനായ ദിനേശ് പട്ടേല്‍ കിരീടവിജയത്തിന് ശേഷം അധികകാലം കളിക്കളത്തില്‍ തുടര്‍ന്നില്ല. ബിസിനസ്സ് രംഗത്തേക്ക് മാറിയിരുന്നു.
പരിശീലക സംഘം
സി.പി.എം ഉസ്മാന് കോയ, പരിശീലകന്
മൂന്ന് പതിറ്റാണ്ടാളം കാലിക്കറ്റിന്റെ പരിശീലകന്. മൊത്തം ഏഴ് അഖിലേന്ത്യ കിരീടം. എഴ് തവണ റണ്ണറപ്പ്. 18 തവണ ദക്ഷിണമേഖല കിരീടം. ഒളിമ്പ്യന്‍ അബ്ദുള്‍ റഹ്മാന് പുരസ്ക്കാരം ലഭിച്ചു. കേരള സന്തോഷ് ്രേട്രാഫി പരിശീലകന്. കമ്പെയ്ന്ഡ് യൂണിവേഴ്സിറ്റി പരിശീലകന്. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന്.കോഴിക്കോട് സ്വദേശി.
ഇ. ജേക്കബ്
അന്നത്തെ കായികവിഭാഗം മേധാവി. കാലിക്കറ്റിന്റെ കായികരംഗത്തെ പുരോഗതിക്ക് മികച്ച സംഭാവന നല്കി. ഒന്നരപതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചു.
പ്രൊഫ. സി.പി. അബുബക്കര്‍, മാനേജര്‍
കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫിതാരം. ഫറൂഖ് കോളേജ് കായിക വിഭാഗം മേധാവിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി.
Content Highlights: Calicut University celebrates 50 years of first All India Inter-University Football title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..