ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ്​ലിഗ ഫുട്ബോളിലെ നിര്‍ണായകമത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനെ കീഴടക്കി ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഇതോടെ 28 കളിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാര്‍ക്ക് 64 പോയന്റായി. രണ്ടാംസ്ഥാനത്തുള്ള ഡോര്‍ട്മുണ്‍ഡിന് 57 പോയന്റാണുള്ളത്. ആറുകളി ബാക്കിനില്‍ക്കെ ഏഴുപോയന്റ് ലീഡ്. തുടര്‍ച്ചയായ എട്ടാം ബുണ്ടസ്​ലിഗ കിരീടമെന്ന നേട്ടത്തിലേക്കാണ് ക്ലബ്ബ് അടുക്കുന്നത്.

43-ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുമ്പോള്‍ ലഭിച്ച പന്തിനെയാണ് മനോഹരമായി കിമ്മിച്ച് വലയിലേക്കയച്ചത്. സ്ഥാനം തെറ്റിനിന്ന ഡോര്‍ട്മുണ്‍ഡ് ഗോളി ബുര്‍ക്കി, കിമ്മിച്ചിന് കാര്യങ്ങള്‍ എളുപ്പമാക്കി. ഈ സീസണിലെ താരത്തിന്റെ മൂന്നാമത്തെ ഗോളായിരുന്നു അത്.

മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ആവേശത്തിനും ആക്രമണത്തിനും കുറവില്ലായിരുന്നു. എര്‍ലിങ് ഹാളണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഡോര്‍ട്മുണ്‍ഡ് ആക്രമണം. എന്നാല്‍, ബയേണ്‍ ലെഫ്റ്റ് ബാക്ക് ഡേവിസ് വേഗംകൊണ്ടും കരുത്തുകൊണ്ടും ഹാളണ്ടിനെ ഗോള്‍മുഖത്ത് അനങ്ങാന്‍ വിട്ടില്ല.

മറ്റു കളികളില്‍ വോള്‍ഫ്സ്ബര്‍ഗ് ബയേര്‍ ലേവര്‍ക്യൂസനെ കീഴടക്കിയപ്പോള്‍ (4-0) വെര്‍ഡര്‍ ബ്രെമന്‍ ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കിനെ തളച്ചു (0-0).

Content Highlights: Bundesliga title looks set to return to Munich Bayern Munich close in on title