ബെര്‍ലിന്‍: അങ്ങനെ കോവിഡിന്റെ പ്രതിസന്ധി മറികടന്ന് മൈതാനങ്ങളില്‍ വീണ്ടും കാല്‍പ്പന്തിന്റെ താളം. ശനിയാഴ്ച ബുണ്ടസ് ലിഗയിലെ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഇനി വരാന്‍ പോകുന്ന കാലത്തിന്റെ ഫുട്‌ബോളാണ്.

കാണികളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരത്തിനു സാക്ഷിയായത് മാധ്യമപ്രവര്‍ത്തകരും ടീമുകളുടെ ഒഫീഷ്യല്‍സും റഫറിമാരും മാത്രം. അതിനാല്‍ തന്നെ മത്സരങ്ങളുടെ സ്ഥിരം ഊര്‍ജം നഷ്ടമായി.

മത്സരത്തിന് മുമ്പ് എല്ലാ പന്തുകളും അണുവിമുക്തമാക്കിയിരുന്നു. ബോള്‍ ബോയ്‌സിന് മാസ്‌കും കൈയുറയും. കിക്കോഫിനു മുമ്പുള്ള ഹസ്തദാനവും ഒഴിവാക്കി.

പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത മുഴുവന്‍ താരങ്ങള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നിശ്ചിത അകലത്തിലിരുന്നാണ് ബെഞ്ചില്‍ പോലും താരങ്ങള്‍ കളി കണ്ടത്. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരുന്നു. ടീമുകള്‍ നാലും അഞ്ചും പകരക്കാരെ ഇറക്കി. കളിയുടെ ഹാഫ് ടൈമില്‍ ഒഫീഷ്യലുകള്‍ പന്ത് അണുവിമുക്തമാക്കുന്നതും പുതിയ കാഴ്ചയായി.

അതേസമയം ശനിയാഴ്ച പുനരാരംഭിച്ച ബുണ്ടസ് ലിഗയിലെ ആദ്യ ഗോള്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ട് സ്വന്തമാക്കി. ഷാല്‍ക്കെയ്‌ക്കെതിരായ മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരം എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഡോര്‍ട്ട്മുണ്ട് ജയിച്ചു.

ഗോള്‍ നേടിയ ശേഷമുള്ള ഹാളണ്ടിന്റെയും സഹതാരങ്ങളുടെയും ഗോളാഘോഷവും വൈറലായി. പതിവുപോലെ ആശ്ലേഷിച്ചും, തലകീഴായി മറിഞ്ഞും, ദേഹത്ത് കിടന്നുമുള്ള ആഹ്ലാദപ്രകടനങ്ങളൊന്നും ഉണ്ടായില്ല. ഹാളണ്ട് ഒരു ഡാന്‍സ് സ്‌റ്റെപ്പ് പുറത്തെടുത്തപ്പോള്‍. സഹതാരങ്ങള്‍ കൃത്യമായ അകലം പാലിച്ച് താരത്തെ അഭിനന്ദിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റാഫേല്‍ ഗുയ്റെയ്റോ ഡോര്‍ട്ട്മുണ്ടിനായി ഇരട്ട ഗോള്‍ (45, 63) നേടിയപ്പോള്‍ ഒരു ഗോള്‍ തോര്‍ഗന്‍ ഹസാര്‍ഡ് (48) സ്വന്തമാക്കി. മത്സരത്തില്‍ ഡോര്‍ട്ട്മുണ്ട് നാലും ഷാല്‍ക്കെ അഞ്ചും പകരക്കാരെ ഇറക്കി.

ഡോര്‍ട്ട്മുണ്ടിനൊപ്പം ഹെര്‍ത്ത ബെര്‍ലിന്‍, വോള്‍ഫ്സ്ബര്‍ഗ് ടീമുകളും വിജയം നേടി. ഹെര്‍ത്ത ബെര്‍ലിന്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹോഫന്‍ഹെയ്മിനെ തോല്‍പ്പിച്ചു. വോള്‍ഫ്സ്ബര്‍ഗ് 2-1ന് ഓഗ്സ്ബര്‍ഗിനെ തോല്‍പ്പിച്ചു. റെഡ്ബുള്‍ ലെയ്പ്സിഗ് - എസ്.സി ഫ്രെയ്ബര്‍ഗ് മത്സരം സമനിലയായി (1-1).

Content Highlights: five subs, airplane stairs separate bench players at Bundesliga return