മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ബയറണ്‍ മ്യൂണിക്കിനെ തുടര്‍ച്ചയായ ഏഴാം കിരീടത്തിലേക്ക് നയിച്ച് ആര്യന്‍ റോബനും ഫ്രാങ്ക് റിബെറിയും ക്ലബ്ബിനോട് വിടചൊല്ലി. ചാമ്പ്യന്‍മാരാവാന്‍ ഒരു പോയന്റ് അനിവാര്യമായിരിക്കേ ശനിയാഴ്ച ബയറണ്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് ഫ്രാങ്ക്ഫുര്‍ടിനെ തോല്‍പ്പിച്ചു. 

അതേസമയം രണ്ടാമതുണ്ടായിരുന്ന ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് (2-0) മോണ്‍ചെന്‍ ഗ്ലാഡ്ബാക്കിനെ തോല്‍പ്പിച്ചെങ്കിലും ബയറണിന്റെ ജയത്തോടെ അപ്രസക്തമായി.

ബയറണിനൊപ്പം അവസാന മത്സരത്തില്‍ റിബെറിക്കും (72) റോബനും (78) ഗോള്‍ നേടാനുമായി. കിങ്സ്ലി കോമാന്‍ (4), ഡേവിഡ് അലാബ (53), റെനാറ്റോ സാഞ്ചെസ് (58) എന്നിവരും സ്‌കോര്‍ ചെയ്തു.

സെബാസ്റ്റ്യന്‍ ഹാളര്‍ (50) ഫ്രാങ്ക്ഫുര്‍ടിനായി സ്‌കോര്‍ ചെയ്തു. 34 മത്സരങ്ങളില്‍ 78 പോയന്റാണ് ബയറണിന്റെ സമ്പാദ്യം. ബൊറൂസ്സിയ(76) രണ്ടാമതായി. ലീഗില്‍ ബയറണിന്റെ 29-ാം കിരീടമണിത്. സീസണിന്റെ തുടക്കത്തില്‍ ബൊറൂസ്സിയയുടെ ഏറെ പിന്നിലായിരുന്നു ബയറണ്‍. കഴിഞ്ഞമാസം അലിയന്‍സ് അരീനയില്‍ ബൊറൂസ്സിയയെ (50) തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ നിക്ക് കൊവാച്ചും സംഘവും പിന്നീട് ലീഡ് കൈവിട്ടില്ല.

ഫ്രഞ്ച് താരം ഫ്രാങ്ക് റിബെറിക്ക് ബുണ്ടസ് ലിഗയില്‍ ഒമ്പതാം കിരീടമാണിത്. ലീഗില്‍ ആദ്യമായണ് ഒരു താരം ഒമ്പത് കിരീടം നേടുന്നത്. മാഴ്സെയില്‍ നിന്ന് 2007-ല്‍ ബയറണിലെത്തിയ റിബെറി അവര്‍ക്കായി 273 മത്സരത്തില്‍ 86 ഗോള്‍ നേടി.

2009-ല്‍ റയല്‍ മഡ്രിഡില്‍നിന്ന് ബയറണിലെത്തിയ റോബന്റെ എട്ടാം കിരീടമാണിത്. 201 മത്സരങ്ങളില്‍ റോബന്‍ 99 ഗോള്‍ നേടി.

ബയറണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് ലീഗിലെ ടോപ്സ്‌കോറര്‍. 22 ഗോളാണ് പോളിഷ് താരം നേടിയത്. 18 ഗോള്‍ നേടിയ ബൊറൂസ്സിയയുടെ സ്പാനിഷ് താരം പാകോ അല്‍കാസറാണ് രണ്ടാമത്. മാര്‍ക്കോ റൂസ് (17 ഗോള്‍) മൂന്നാമതുണ്ട്.

 

Content Highlights: Bundesliga final day Bayern Munich pip Dortmund to title