മ്യൂണിക്ക്: ബുണ്ടസ് ലിഗയിലെ അവസാന റൗണ്ട് മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി സീസണ്‍ അവസാനിപ്പിച്ച് ബയേണ്‍ മ്യൂണിക്ക്. 

ഓഗ്‌സ്ബര്‍ഗിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.

നേരത്തെ ലീഗില്‍ 32-ാം റൗണ്ട് മത്സരം അവസാനിച്ചപ്പോള്‍ തന്നെ ബയേണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ബയേണ്‍ ബുണ്ടസ്‌ലിഗ ചാമ്പ്യന്‍മാരാകുന്നത്. 

ബയേണ്‍ താരങ്ങളായ തോമസ് മുള്ളറും ഡേവിഡ് അലാബയും 10 ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ ബുണ്ടസ് ലിഗ താരങ്ങളെന്ന റെക്കോഡും സ്വന്തമാക്കി.

1963-ല്‍ ടോപ് ഡിവിഷന്‍ ആരംഭിച്ച ശേഷം ബയേണിന്റെ 31-ാം ലീഗ് കിരീടമാണിത്. ഹാന്‍സ് ഫ്‌ളിക്ക് പരിശീലകനായ ശേഷം നേടുന്ന രണ്ടാമത്തെ കിരീടവും. ഈ സീസണോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ഹാന്‍സ് ഫ്‌ളിക്കിന് കിരീടത്തോടെ മടങ്ങാന്‍ സാധിച്ചു.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബയേണിനായി സെര്‍ജ് നാബ്രി (23), ജോഷ്വാ കിമ്മിച്ച് (33), കിങ്സ്ലി കോമാന്‍ (43), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (90) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഓഗ്‌സ്ബര്‍ഗ് താരം ജെഫ്രെയുടെ സെല്‍ഫ് ഗോളും (9) ബയേണിന്റെ അക്കൗണ്ടിലെത്തി. 

67-ാം മിനിറ്റില്‍ ആന്ദ്രേ ഹാന്‍, 71-ാം മിനിറ്റില്‍ ഫ്‌ളോറിയാന്‍ നിയെദര്‍ലെഷ്‌നര്‍ എന്നിവരാണ് ഓഗ്‌സ്ബര്‍ഗിനായി സ്‌കോര്‍ ചെയ്തത്. 

അവസാന മത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡും ജയം കണ്ടു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബയേര്‍ ലെവര്‍കുസനെയാണ് ഡോര്‍ട്ട്മുണ്‍ഡ് പരാജയപ്പെടുത്തിയത്. 

എര്‍ളിങ് ഹാളണ്ട് ഇരട്ട ഗോളുകളുമായി (5, 84) തിളങ്ങി. മാര്‍ക്കോ റീസാണ് (51) ഡോര്‍ട്ട്മുണ്‍ഡിന്റെ മറ്റൊരു ഗോള്‍ നേടിയത്. 89-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലാര്‍സ് ബെന്‍ഡറാണ് ലെവര്‍കുസന്റെ ആശ്വാസ ഗോള്‍ നേടിയത്. 

അവസാന മത്സരത്തില്‍ ആര്‍.ബി ലെയ്പ്‌സിഗ് യൂണിയന്‍ ബെര്‍ലിനോട് തോറ്റു (2-1). 

Content Highlights: bundesliga Bayern Munich beat Augsburg