photo: twitter/ Brighton & Hove Albion
ഫാല്‍മര്‍: എഫ് എ കപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പുറത്തായി. നാലാം റൗണ്ടിലെ മത്സരത്തില്‍ ബ്രൈട്ടണാണ് ചെമ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ചാമ്പ്യന്മാരെ ബ്രൈട്ടണ്‍ കീഴടക്കിയത്.
നിര്‍ണായകമായ മത്സരത്തില്‍ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. 30-ാം മിനിറ്റില്‍ ഹാര്‍വി എല്ല്യട്ട് ചാമ്പ്യന്മാര്‍ക്കായി വലകുലുക്കി. മികച്ച മുന്നേറ്റത്തിനൊടുവില്‍ സൂപ്പര്‍താരം മുഹമ്മദ് സലയാണ് ഗോളവസരമൊരുക്കിയത്. സലയുടെ പാസ് സ്വീകരിച്ച എല്ല്യട്ട് തകര്‍പ്പന്‍ ഫിനിഷിലൂടെ ലക്ഷ്യം കണ്ടു.
എന്നാല്‍ 39-ാം മിനിറ്റില്‍ ബ്രൈട്ടണ്‍ ലെവിസ് ഡങ്കിലൂടെ ഗോള്‍ മടക്കി. വിങ് ബാക്ക് തരിഖ് ലാംപ്റ്റിയുടെ തകര്‍പ്പന്‍ ഷോട്ട് ലെവിസ് ഡങ്കിന്റെ കാലില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു. ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ് പന്ത് തടയാനായില്ല.
മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ബ്രൈട്ടണ്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു. ഇഞ്ചുറി ടൈമില്‍ മിറ്റോമയാണ് ബ്രൈട്ടണ് വേണ്ടി ഗോളടിച്ചത്. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് ബ്രൈട്ടണ്‍ ലെഫ്റ്റ് ബാക്ക് പെര്‍വിസ് എസ്റ്റുപിനന്‍ നല്‍കിയ ക്രോസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് മിറ്റോമയുടെ കാലിലെത്തി. ചെമ്പടയുടെ പ്രതിരോധതാരങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് മിറ്റോമ ബ്രൈട്ടന്റെ വിജയഗോള്‍ നേടി.
ഈ സീസണില്‍ ബ്രൈട്ടണെ ഇതുവരെ തോല്‍പ്പിക്കാന്‍ ലിവര്‍പൂളിന് സാധിച്ചിട്ടില്ല. ലീഗ് കപ്പില്‍ നിന്ന് നേരത്തേ പുറത്തായ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
Content Highlights: brighton knock liverpool out of the fa cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..