സാവോ പൗലോ: ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമേതെന്ന് ചോദിച്ചാല്‍ ഓരോ ബ്രസീലുകാരനും പെലെ എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാകില്ല. പെലെ എന്ന താരം ബ്രസീലിയന്‍ ജനങ്ങളുടെ മനസില്‍ അത്രയേറെ ആഴത്തില്‍ പതിഞ്ഞയാളാണ്. 

പക്ഷേ തങ്ങളുടെ അഭിമാനമായ മാരക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കുമെന്ന് പറഞ്ഞാലോ. അതിനോട് അവര്‍ക്ക് യോജിക്കാനാകില്ല. 

മാരക്കാന സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി എഡ്സന്‍ അരാന്റസ് ഡോ നാസിമെന്റോ-റെയ് പെലെ എന്നാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. 

മൂന്ന് ഫുട്‌ബോള്‍ ലോകകപ്പുകളില്‍ മുത്തമിട്ട ഏക താരമെന്ന നിലയ്ക്ക് പെലെയെ ആദരിക്കാന്‍ റിയോ ഡി ജനെയ്‌റോ ഗവര്‍ണര്‍ ക്ലോഡിയോ കാസ്‌ട്രോ അനുമതി നല്‍കിയാല്‍ സ്‌റ്റേഡിയത്തിന് പെലെയുടെ പേര് വീഴും.

പക്ഷേ ഇക്കാര്യത്തില്‍ ബ്രസീല്‍ ജനത രണ്ടു തട്ടിലാണ്. ഒരു വിഭാഗം സ്റ്റേഡിയത്തിന്റെ പേരുമാറ്റത്തോട് യോജിക്കുമ്പോള്‍ വലിയൊരു വിഭാഗം ഇതിനോട് എതിര്‍പ്പുമായി മുന്നിലുണ്ട്. 

ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന ജേര്‍ണലിസ്റ്റ് മാരിയോ ഫില്‍ഹോയുടെ പേരാണ് ഇപ്പോള്‍ മാരക്കാന സ്‌റ്റേഡിയത്തിനുള്ളത്. 1950-ലെ ലോകകപ്പിനായി ഇത്തരമൊരു സ്റ്റേഡിയം നിര്‍മിക്കുന്നതിനായി മുന്നില്‍ നിന്ന വ്യക്തിയാണ് ഫില്‍ഹോ. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് സ്‌റ്റേഡിയത്തിന് ആ പേര് നല്‍കിയിരിക്കുന്നത്. 

എന്നാല്‍ ഗവര്‍ണര്‍ കാസ്‌ട്രോ അനുമതി നല്‍കിയാല്‍ സ്‌റ്റേഡിയത്തിന് പെലെയുടെ പേര് വരും. ഫില്‍ഹോയുടെ പേര് സ്റ്റേഡിയത്തിന് സമീപമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് മാത്രമായി ചുരുങ്ങും. 

തന്റെ പത്രമായ ജേണല്‍ ഡോസ് സ്‌പോര്‍ട്‌സിലൂടെ ഫില്‍ഹോയാണ് മാരക്കാന സ്‌റ്റേഡിയം ഇവിടെ തന്നെ നിര്‍മിക്കണമെന്ന് ഒരു കാമ്പെയ്‌നിലൂടെ റിയോയിലെ ജനങ്ങളെ പറഞ്ഞ് മനസിലാക്കിയത്. മറ്റൊരു പ്രദേശത്തായിരുന്നു അന്ന് അധികൃതര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. 

മാരിയോ ഫില്‍ഹോ ഇല്ലായിരുന്നെങ്കില്‍ മാരക്കാന തന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ് പേരുമാറ്റത്തിനെതിരേ പ്രതികരിക്കുന്നവര്‍ പറയുന്നത്. 

തന്റെ മുത്തച്ഛന്റെ പേര് മാറ്റുന്നതിനോട് യോജിക്കാനാകില്ലെന്ന് ഫില്‍ഹോയുടെ കൊച്ചുമകന്‍ മാരിയോ നെറ്റോ തന്നെ പ്രതികരിച്ചിട്ടുമുണ്ട്.

അതേസമയം പെലെയ്ക്ക് മാരക്കാന സ്റ്റേഡിയത്തില്‍ നിരവധി ഓര്‍മകളുണ്ട്. 1969 നവംബര്‍ 19-ന് മാരക്കാനയിലാണ് പെലെ 1000 ഗോളുകളെന്ന നേട്ടം കൈവരിച്ചത്. 1957 ജൂലൈ ഏഴിന് പെലെ ബ്രസീലിന് വേണ്ടി 16-ാം വയസില്‍ അരങ്ങേറ്റം കുറിച്ചതും മാരക്കാനയിലാണ്.

Content Highlights: Brazilians differ on renaming Maracana stadium after Pele