ഫുട്‌ബോളിന്റെ ഭാഷ സ്‌നേഹമാണ്. ആ സ്‌നേഹത്തെ നെഞ്ചോട് ചേര്‍ത്തവരുടെ കണക്കെടുത്താല്‍ തീരില്ല. അങ്ങനെ കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്ത സില്‍വിയ ഗ്രെക്കോ എന്ന അമ്മയാണ് ഇപ്പോള്‍ ബ്രസീലിലെ ഹീറോ. ഓട്ടിസം ബാധിച്ച കണ്ണു കാണാത്ത മകന് ഫുട്‌ബോള്‍ മത്സരം വിവരിച്ചു കൊടുത്താണ് സില്‍വിയ ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ മറ്റു രാജ്യങ്ങളില്‍ നിന്നും സില്‍വിയക്ക് അഭിനന്ദന സന്ദേശങ്ങളെത്തി. 

ഓട്ടസം ബാധിച്ച, കണ്ണു കാണാത്ത തന്റെ 12 വയസ്സുകാരനായ മകന്‍ നിക്കോളാസിന്റെ കണ്ണും കാഴ്ചയുമായി സില്‍വിയ മാറുകയായിരുന്നു. ബ്രസീലിയന്‍ ലീഗില്‍ പാല്‍മിറാസും ബൊട്ടാഫോഗയും തമ്മിലുള്ള മത്സരം കാണാനാണ് നിക്കോളാസ് അമ്മയോടൊപ്പമെത്തിയത്. പാല്‍മിറാസിന്റെ കടുത്ത ആരാധകരാണ് ഇരുവരും. എല്ലാ മത്സരങ്ങളും കാണാന്‍ പോകും. അപ്പോഴെല്ലാം മൈതാനത്തെ കാഴ്ച്ചകള്‍ നിക്കോളാസിന് സില്‍വിയോ വിവരിച്ചുകൊടുക്കും. 

'ഞാന്‍ നല്‍കുന്നത് വൈകാരികമായ വിവരണമാണ്. പ്രൊഫഷണലായി പറയാന്‍ എനിക്ക് അറിയില്ല. ഞാന്‍ കാണുന്നതും എനിക്ക് തോന്നുന്നതും അവന് പറഞ്ഞുകൊടുക്കും. റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം വരുന്നത് വരെ ഞാന്‍ അവനോട് പറയും' അമ്പത്തിയാറുകാരിയായ സില്‍വിയ പറയുന്നു.

പണ്ടൊരിക്കല്‍ നെയ്മര്‍ നിക്കോളാസിനെ അദ്ദേഹത്തിന്റെ തോളില്‍ കയറ്റിയത് വന്‍ വാര്‍ത്തയായിരുന്നു. അന്ന് ഏത് ടീമിനെയാണ് ചെറുപ്പത്തില്‍ പിന്തുണച്ചതെന്ന് ചോദിച്ചപ്പോള്‍ നെയ്മറിന്റെ ഉത്തരവും പാല്‍മിറാസ് ആയിരുന്നു. അതുകൊണ്ടാണ് താനും തന്റെ മകനും പാല്‍മിറാസ് ആരാധകരായതെന്നും സില്‍വിയ പറയുന്നു.

 

Content Highlights: Brazilian mother narrates a football game for blind son from the stands