മനാസ്: ചതുര്‍രാഷ്ട്ര വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ തകര്‍ത്ത് ബ്രസീല്‍. ഒന്നിനെതിരേ ആറുഗോളുകള്‍ക്കാണ് ബ്രസീല്‍ ഇന്ത്യയെ കീഴടക്കിയത്. 

ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ബ്രസീലിനെതിരേ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ ബ്രസീലിനെ ഞെട്ടിച്ച് ഒരു ഗോളടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചു. 

ബ്രസീലിനുവേണ്ടി ആറി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡേബീന്യ, ജിയോവാന കൈ്വറോസ്, കെരോളിന്‍, ഗെയ്‌സെ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്ക് വേണ്ടി മനീഷയാണ് ആശ്വാസ ഗോള്‍ നേടിയത്.  ഡെബിന്യയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ മനീഷയിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 

പിന്നീട് ബ്രസീല്‍ മികച്ച പോരാട്ടം കാഴ്ചവെയ്ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ തകര്‍ന്നു. ബ്രസീല്‍ സൂപ്പര്‍ താരം ഫോര്‍മിഗയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. 

ബ്രസീല്‍, ഇന്ത്യ എന്നീ ടീമുകള്‍ക്ക് പുറമേ വെനസ്വേല, ചിലി എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത മത്സരത്തില്‍ ചിലിയാണ് ഇന്ത്യയുടെ എതിരാളി. നവംബര്‍ 29 നാണ് മത്സരം. ഡിസംബര്‍ രണ്ടിന് ഇന്ത്യ വെനസ്വേലയെ നേരിടും. 

Content Highlights: Brazil Women thrash India 6-1 in Formiga's international farewell