Photo: AFP
ബൊഗോട്ട (കൊളംബിയ): തെക്കേഅമേരിക്കന്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബ്രസീലിന്. ഫൈനല്‍ റൗണ്ടില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ യുവനിര കിരീടമുയര്‍ത്തിയത്. 84-ാം മിനിറ്റില്‍ ആന്ദ്രേ സാന്റോസ്, ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ പെഡ്രോ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.
അവസാന റൗണ്ട് മത്സരത്തിനിറങ്ങുമ്പോള്‍ കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്നു യുറഗ്വായ്ക്ക്, ബ്രസീലിനാകട്ടെ ജയത്തില്‍ കുറഞ്ഞൊന്നും കിരീടത്തിലെത്തിക്കുമായിരുന്നില്ല. കൃത്യ സമയത്ത് ഫോമിലേക്കുയര്‍ന്ന ടീം ഇതോടെ കിരീടമുയര്‍ത്തുകയായിരുന്നു. ജയത്തോടെ ബ്രസീല്‍ ഈ വര്‍ഷത്തെ അണ്ടര്‍-20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും നേരിട്ട് യോഗ്യത നേടി.
ബ്രസീല്‍, യുറഗ്വായ്, കൊളംബിയ, എക്വഡോര്‍, വെനസ്വേല, പാരഗ്വായ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അഞ്ച് കളികളില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമടക്കം 13 പോയന്റ് നേടിയായിരുന്നു ബ്രസീലിന്റെ കിരീട നേട്ടം. നാല് ജയവും ഒരു തോല്‍വിയും നേരിട്ട യുറഗ്വായ് 12 പോയന്റുമായി രണ്ടാം സ്ഥാനത്തായി.
ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ഫിഫ അനുവദിച്ച സമയത്തല്ല ഈ ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാല്‍ തന്നെ യൂറോപ്പിലെയും മറ്റും ക്ലബ്ബുകള്‍ക്ക് ടൂര്‍ണമെന്റിനായി രാജ്യാന്തര താരങ്ങളെ വിട്ടുകൊടുക്കണമെന്ന ബാധ്യതയുമില്ല. ദക്ഷിണ അമേരിക്കയില്‍ നിന്ന് നന്നേ ചെറുപ്രായത്തില്‍ തന്നെ യൂറോപ്പിലെ ക്ലബ്ബുകളിലേക്കും അക്കാദമികളിലേക്കും ചേക്കേറുന്ന കളിക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനാല്‍ തന്നെ നിരവധി താരങ്ങളാണ് തെക്കേഅമേരിക്കന്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കളിക്കാതെ പോകുന്നത്. ഇത് ബ്രസീലടക്കമുള്ള ടീമുകള്‍ക്ക് ഇത്തവണ തിരിച്ചടിയാകുകയും ചെയ്തു. പല ആഭ്യന്തര ക്ലബ്ബുകള്‍ പോലും കളിക്കാരെ വിട്ടുനല്‍കാന്‍ വിസമ്മതിച്ചു.
Content Highlights: Brazil wins South American Under-20 Championships
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..