കാലിഫോര്‍ണിയ: പെറുവിന് മുന്നില്‍ തോറ്റ് ബ്രസീല്‍. സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഒരൊറ്റ ഗോളിനാണ് പെറു ബ്രസീലിനെ നാണംകെടുത്തിയത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനോട് തോറ്റതിനുള്ള പ്രതികാരം കൂടിയായി ഇത്. 

നെയ്മറിനെ ബെഞ്ചില്‍ ഇരുത്തി ബ്രസീലിനെ കളത്തിലിറക്കിയ ടിറ്റെയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. 85-ാം മിനിറ്റില്‍ ഒരു ഫ്രീ കിക്കില്‍ നിന്ന് പെറു വിജയഗോള്‍ കണ്ടെത്തി. ലൂയിസ് അബ്രാം ആയിരുന്നു ഗോള്‍ സ്‌കോറര്‍. 

ഫ്രീ കിക്ക് പിടിക്കാന്‍ വന്ന ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ന്റെ തീരുമാനം പിഴക്കുകയായിരുന്നു. ഇതോടെ പന്ത് വലയിലെത്തി. ഒന്നാം ഗോള്‍കീപ്പര്‍ അലിസണ് പരിക്കേറ്റതിനാലാണ് എഡേഴ്‌സണ്‍ കളത്തിലിറങ്ങിയത്.

നേരത്തെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ 3-1 എന്ന സ്‌കോറിനും പെറു ബ്രസീലിനോട് തോറ്റിരുന്നു.

 

Content Highlights: Brazil vs Peru Friendly Football