റിയോ ഡി ജനീറോ: അര്‍ജന്റീനയുടെ കളിക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി മത്സരം തടസ്സപ്പെടുത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. ഞായറാഴ്ച രാത്രി നടന്ന ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മത്സരം ഉപേക്ഷിക്കാന്‍ ഫിഫ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ, ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് അര്‍ജന്റീന കളിക്കാരോട് ക്വാറന്റീനില്‍ കഴിയാന്‍ ബ്രസീലിന്റെ ആരോഗ്യ ഏജന്‍സി ഉത്തരവിട്ടിരുന്നു.

ആസ്റ്റണ്‍ വില്ല കളിക്കാരായ മാര്‍ട്ടിനെസ്, ബ്യൂണ്ടിയ ടോട്ടന്‍ഹാം കളിക്കാരായ ലോ സെല്‍സോ റൊമേറോ എന്നിവര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്കായി കളിക്കാന്‍ ബ്രസീലില്‍ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ 10 ദിവസം ക്വാറന്റീനില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പ്രീമിയര്‍ ലീഗ് കളിക്കാരെ അന്താരാഷ്ട്ര മത്സരത്തിന് വിട്ടയയ്ക്കാന്‍ അവരുടെ ക്ലബുകള്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവരോട് എത് രാജ്യത്ത് നിന്നാണോ വന്നത് അവിടെക്ക് തന്നെ മടങ്ങാന്‍ ആരോഗ്യ ഏജന്‍സി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. 

അര്‍ജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയന്‍ ഹെല്‍ത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീല്‍ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.

Content Highlights: Brazil vs Argentina suspended as health officials interfered after the match started