പോര്‍ട്ടോ അലെഗ്ര: ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ബ്രസീല്‍. നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പോരാട്ടത്തില്‍ ഇക്വഡോറിനെ വീഴ്ത്തിയ മഞ്ഞപ്പട ഗ്രൂപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് സ്വന്തമാക്കിയത്. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബസീലിന്റെ ജയം. അറുപത്തിയഞ്ചാം മിനിറ്റില്‍ റിച്ചാര്‍ളിസനാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. തൊണ്ണൂറ്റിനാലാം മിനിറ്റില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ ജയം ഉറപ്പിച്ചു.

നെയ്മര്‍ ബോക്‌സിലെ ഒഴിവിലേയ്ക്ക് തള്ളിക്കൊടുത്ത പന്ത് ഒരു കരുത്തുറ്റ ഇടങ്കാലന്‍ ഹാഫ്‌വോളിയിലൂടെ വലയിലേയ്ക്ക് വെടിയുണ്ട കണക്ക് പായിക്കുകയായിരുന്നു എവര്‍ട്ടണ്‍ സ്‌ട്രൈക്കറായ റിച്ചാര്‍ളിസണ്‍. വലത്തോട്ട് ചാടി ഗോളി ഡോമിനിഗസ് പന്ത് തടയാന്‍ ശ്രമം നടത്തിയെങ്കിലും പന്ത് കൈയില്‍ തട്ടി വലയില്‍ പതിച്ചു. റിച്ചാര്‍ളിസന്റെ ഒന്‍പതാം അന്താരാഷ്ട്ര ഗോളാണിത്.

richarlison
റിച്ചാർളിസന്റെ ആഹ്ളാദം

 എന്നാല്‍, നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് നെയ്മര്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടിയത്. എണ്‍പത്തിയേഴാം മിനിറ്റില്‍ ബോക്‌സില്‍ ജീസസിനെ പ്രെക്യാഡോ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. പ്രെക്യാഡോ ജീസസിനെ പിറകില്‍ നിന്ന് ചവിട്ടുകയായിരുന്നുവെന്ന് ബ്രസീലുകാര്‍ വാദിച്ചെങ്കിലും ആദ്യം റഫറി അനവദിച്ചില്ല. പിന്നീട് വാറിന്റെ സഹായത്തോടെയാണ് ഫൗള്‍ പിടിക്കപ്പെട്ട് പെനാല്‍റ്റി വിധിക്കപ്പെട്ടത്. എന്നാല്‍, നെയ്മര്‍ എടുത്ത കിക്ക് പാഴായി. ഇടത്തേയ്ക്ക് തൊടുത്ത ദുര്‍ബലമായ ഗ്രൗണ്ടര്‍ ഗോളി ഡൊമിനിഗസ് അനായാസമായി തന്നെ കൈപ്പിടിയിലൊതുക്കി. ഇക്വഡോറുകാര്‍ പന്തുമായി മുന്നേറി ബ്രസീലിന്റെ ഗോള്‍മുഖത്ത് എത്തിയെങ്കിലും റഫറി വിസിലൂതി. നെയ്മര്‍ കിക്കെടുക്കുംമുന്‍പ് ഗോളി ഗോള്‍ലൈനില്‍ നിന്ന് നീങ്ങിയതിന് വീണ്ടും കിക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബഹളത്തിനിടെ പിഴയായി ഗോളി ഡോമിന്‍ഗസിന് മഞ്ഞക്കാര്‍ഡും സമ്മാനിച്ചു റഫറി. രണ്ടാം കിക്കില്‍ നെയ്മര്‍ക്ക് പിഴച്ചില്ല.  ഇക്കുറി വലത്തേയ്ക്ക് പാഞ്ഞ വെടിയുണ്ട കൃത്യം വലയില്‍. ഗോളി ചാടിയതാവട്ടെ ഇടത്തേയ്ക്കു. നെയ്മറുടെ അറുപത്തിയഞ്ചാം അന്താരാഷ്ട്ര ഗോള്‍ വലയില്‍.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിനഞ്ച് പോയിന്റുമായി വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ് തോല്‍വിയറിയാത്ത ബ്രസീല്‍. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയക്ക് പതിനൊന്ന് പോയിന്റ് മാത്രമാണുള്ളത്. അർജന്റീന അഞ്ചാം മത്സരത്തിൽ ചിലിയോട് സമനില വഴങ്ങുകയായിരുന്നു.

neymar
നെയ്മർ രണ്ടാം പെനാൽറ്റി ഗോളാക്കുന്നു. Photo Courtesy: twitter

 ബ്രസീലിന് തന്നെയായിരുന്നു കളിയില്‍ ഉടനീളം ആധിപത്യം. നെയ്മറുടെ ആസൂത്രണത്തില്‍ വിരിഞ്ഞ നീക്കങ്ങളില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് പലപ്പോഴും ഇക്വഡോര്‍ രക്ഷപ്പെട്ടത്. നെയ്മര്‍ തന്നെയായിരുന്നു ബ്രസീലിയന്‍ ആക്രമണത്തിന്റെ ചാലകശക്തി. മോശപ്പെട്ട ഫിനിഷിങ് കാരണമാണ് ഈ നീക്കങ്ങളില്‍ പലതും ലക്ഷ്യം കാണാനാവാതെ പോയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ബോക്‌സില്‍ നെയ്മര്‍ കൊടുത്ത ഗോളി മാത്രം മുന്നില്‍നില്‍ക്കെ ജീസസ് പാഴാക്കി. എഴുപത്തിനാലാം മിനിറ്റില്‍ ഗോള്‍ലൈനില്‍ നിന്ന് നെയ്മര്‍ പുറകോട്ട് സമര്‍ഥമായി പൊക്കിയിട്ടുകൊടുത്തൊരു ചിപ്പ് പ്രതിരോധ മതിലിന്റെ വിടവില്‍ നിലയുറപ്പിച്ച ഗബ്രിയേല്‍ ബാര്‍ബോസ പുറത്തേയ്ക്കാണ് കുത്തിയിട്ടത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ നെയ്മറുടെ മറ്റൊരു ത്രൂപാസ് സ്വീകരിച്ച് ഇടതു പാര്‍ശ്വത്തില്‍ നിന്ന് പോസ്റ്റിന് മുന്നിലേയ്ക്ക് ബാര്‍ബോസ് തള്ളിക്കൊടുത്തു ഒരു ഗ്രൗണ്ടര്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കെ നിസാരമായാണ് അലെക്‌സ് സാന്‍ഡ്രോ പുറത്തേയ്ക്കടിച്ചുകളഞ്ഞത്. ഇതിന്റെ തുടര്‍ച്ചയായാണ് ജീസസിന് ബോക്‌സില്‍ ഒരു പന്ത് ലഭിച്ചതും അത് പെനാല്‍റ്റിക്ക് വഴിവച്ചതും.

Content Highlights: Brazil Scripts Fifth Consicutive Victory in Fifa World Cup 2021 Qualifiers Beating Ecuador