ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. അത്രയ്ക്കുണ്ട് ആ സ്റ്റേഡിയത്തിന്റെ പ്രശസ്തി. 1950, 2014 ലോകകപ്പുകളുടെ ഫൈനലിന് വേദിയായ മരക്കാനയില്‍ തന്നെയായിരുന്നു 2016 റിയോ ഒളിമ്പിക്‌സിന്റെ സമാപനച്ചടങ്ങും നടന്നത്.
എന്നാല്‍ ഇപ്പോള്‍ ആ മരക്കാന സ്‌റ്റേഡിയം ഇരുട്ടിലായിരിക്കുകയാണ്. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെയാണ് മരക്കാന ഇരുട്ടിലായത്. കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള ബില്ലാണ് അടക്കാനുള്ളത്. ഇത് ഏകദേശം ആറു കോടി 40 ലക്ഷം രൂപ വരും. ഇതില്‍ മൂന്നു കോടി 64 ലക്ഷം രൂപ റിയോ ഒളിമ്പിക്‌സിന്റെ സംഘാടകരും ബാക്കി രണ്ടു കോടി 78 ലക്ഷം രൂപ നിലവിലെ ഉടമസ്ഥരായ ഒഡെബ്രെക്റ്റ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് കുടിശ്ശിക വരുത്തിയത്.
സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ സ്‌റ്റേഡിയത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന ഒളിമ്പിക്‌സ് സംഘാടക സമിതി ഉത്തരവാദിത്തം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ ബില്‍ കുടിശ്ശിക വരുത്തിയിട്ടില്ലെന്നാണ് സംഘാടക സമിതിയുടെ വാദം.
