ബ്രസീലിയ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ ഏജന്റുമായ റോബര്‍ട്ടൊ അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിന്റെ കോളത്തിലാണ് റൊണാള്‍ഡീഞ്ഞോയുടെ തീരുമാനം അസ്സിസ് പറഞ്ഞത്. 2018 ലോകകപ്പിന് ശേഷം റൊണാള്‍ഡീഞ്ഞോയ്ക്കുള്ള യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും സഹോദരന്‍ വ്യക്തമാക്കി. 

2015ല്‍ ഫ്‌ളുമിനെന്‍സ് വിട്ടശേഷം പ്രൊഫഷണല്‍ ടീമിനായി റൊണാള്‍ഡീഞ്ഞോ കളിച്ചിട്ടില്ലായിരുന്നു. മധ്യനിരയിലെ ആക്രമണകാരിയായും വിങ്ങറായും ആരാധകരുടെ മനസ്സിലേക്ക് പന്തുതട്ടിയ റൊണാള്‍ഡീഞ്ഞോ 2002ല്‍ ലോകകപ്പ് കിരീടം ബ്രസീലിന് നേടിക്കൊടുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 

ബ്രസീലിലെ ഗ്രെമിയോ ക്ലബ്ബില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിന് തുടക്കം കുറിച്ച റൊണാള്‍ഡീഞ്ഞോ 2001ല്‍ പി.എസ്.ജിയുടെ ഭാഗമായി. എന്നാല്‍ 2002ലെ ലോകകപ്പ് പ്രകടനം ബാഴ്‌സലോണയുടെ തട്ടകത്തിലാണ് ബ്രസീല്‍ താരത്തെയെത്തിച്ചത്. അഞ്ചു വര്‍ഷം ബാഴ്‌സയുടെ ജഴ്‌സിയില്‍ പന്തുതട്ടിയ ബ്രസീല്‍ താരം രണ്ട് ലീഗ് കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി. 2005ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരവും റൊണാള്‍ഡീന്യോയെ തേടിയെത്തി.

പെപ് ഗാര്‍ഡിയോള ബാഴ്‌സയുടെ പരിശീലകനായെത്തിയതോടെ റൊണാള്‍ഡീഞ്ഞോയെ ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന് കൈമാറുകയായിരുന്നു. ഫോം കുഞ്ഞതോടെ 2010ലെ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് താരം പുറത്തായി. 2013 ഏപ്രിലില്‍ ചിലിക്കെതിരെയാണ് അവസാനമായി ബ്രസീല്‍ ജഴ്‌സി അണിഞ്ഞത്. മിലാന്‍ വിട്ടശേഷം ഫ്‌ളെമിങ്ങോയ്ക്കും അത്‌ലറ്റിക്കോ മിനെയര്‍ക്കുമെല്ലാം റൊണാള്‍ഡീഞ്ഞോ കളിച്ചു.

ബ്രസീല്‍ ജഴ്‌സിയില്‍ 97 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ നേടിയത്. ബാഴ്‌സക്കായി 145 മത്സരങ്ങളില്‍ ബൂട്ടുകെട്ടി 70 ഗോളുകളടിച്ചു.