
Photo: AP
ക്വിറ്റോ: സംഭവബഹുലമായിരുന്നു ബ്രസീലും ഇക്വഡോറും തമ്മിലുള്ള ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാമത്സരം. ഇരുടീമുകളും ഗോളടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ഡുകള്‍ വാങ്ങാനാണ് ശ്രമിച്ചത്. മത്സരത്തില്‍ ബ്രസീലിന്റെ എമേഴ്സണ്‍ റോയലും ഇക്വഡോറിന്റെ അലക്സാണ്ടര്‍ ഡൊമിന്ഗ്വസും ചുവപ്പുകാര്‍ഡ് കണ്ടു. അഞ്ചുതാരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
എന്നാല്‍ ഇതൊന്നുമല്ല ഈ മത്സരത്തെ ചര്‍ച്ചാവിഷയമാക്കുന്നത്. ബ്രസീല്‍ ഗോള്‍കീപ്പറും ലിവര്‍പൂളിന്റെ താരവുമായ അലിസണ് ബെക്കറിന് ലഭിച്ച രണ്ട് ചുവപ്പുകാര്‍ഡാണ്. മത്സരത്തില്‍ രണ്ട് തവണ ചുവപ്പുകാര്‍ഡ് ലഭിച്ചിട്ടും അലിസണ് മുഴുവന്‍ സമയം ഗ്രൗണ്ടില്‍ കളിച്ചു.
ആദ്യത്തെ സംഭവം നടക്കുന്നത് 26-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നാണ്. പന്ത് സ്വീകരിച്ച് ഗോളടിക്കാന്‍ ശ്രമിച്ച ഇക്വഡോറിന്റെ എന്നെര്‍ വലന്‍സിയയെ മറികടന്ന് അലിസണ് പന്ത് ക്ലിയര്‍ ചെയ്തു. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അലിസന്റെ കാല് വലന്‍സിയയുടെ മുഖത്തിടിച്ചു. ഇത് കണ്ട റഫറി ഉടന്‍ തന്നെ താരത്തിന് ചുവപ്പുകാര്‍ഡ് നല്കി. എന്നാല്‍ വാറിലൂടെ (വീഡിയോ അസിസ്റ്റന്റ് റഫറി) റഫറി തീരുമാനം പുനഃപരിശോധിച്ചു. അലിസന്റെ ചുവപ്പ് കാര്‍ഡ് മഞ്ഞക്കാര്‍ഡായി കുറച്ചുനല്‍കി.
രണ്ടാമത്തെ ചുവപ്പുകാര്‍ഡ് അലിസണിന് ലഭിച്ചത് മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്. ഇന്‍ജുറി ടൈമില്‍ ബ്രസീല്‍ ബോക്സിനകത്തേക്ക് ഗോളടിക്കാനായി പാഞ്ഞെത്തിയ പകരക്കാരന് അയര്‍ടണ്‍ പ്രെസിയാഡോയുടെ മുഖത്ത് കൈ കൊണ്ട് ഇടിച്ചതിനാണ് അലിസണിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഇത് കണ്ട റഫറി അലിസന് ചുവപ്പുകാര്‍ഡ് നല്‍കുകയും ഇക്വഡോറിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കുകയും ചെയ്തു.
എന്നാല്‍ ഇത്തവണയും അലിസണ് വാര് രക്ഷയായി. തീരുമാനം റഫറി പുനഃപരിശോധിച്ചപ്പോള്‍ അലിസണ് പന്ത് കൃത്യമായി ക്ലിയര്‍ ചെയ്തതെന്ന് മനസ്സിലായി. അലിസണ് ലഭിച്ച ചുവപ്പ് കാര്‍ഡ് പിന്‍വലിച്ച റഫറി പെനാല്‍റ്റിയും റദ്ദാക്കി. പിന്നാലെ മത്സരം അവസാനിക്കുകയും ചെയ്തു.
മത്സരത്തില്‍ ബ്രസീലിനെ ഇക്വഡോര്‍ സമനിലയില്‍ കുരുക്കി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
Content Highlights: Brazil goalkeeper Alisson Becker gets red-carded twice, yet remains on field vs Ecuador
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..