പാരിസ്: ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിന് തിരിച്ചടിയായി ഡാനി ആല്‍വ്‌സിന് പരിക്ക്. ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് പി.എസ്.ജി താരമായ ആല്‍വ്‌സിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ആല്‍വ്‌സിന്റെ പരിക്ക് ഗുരുതരമാണെന്ന് ടീം ഡോക്ടര്‍ വ്യക്തമാക്കി.

ലെസ് ഹെര്‍ബിയേഴ്‌സിനെതിരെയായിരുന്നു പി.എസ്.ജിയുടെ മത്സരം. വേദന നിയന്ത്രിക്കാനാകാതെ ഗ്രൗണ്ടില്‍ കിടന്ന ആല്‍വ്‌സ് മുടന്തിക്കൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ഫ്രഞ്ച് ലീഗില്‍ ഇനിയുള്ള മത്സരങ്ങളോടൊപ്പം ലോകകപ്പും ആല്‍വ്‌സിന് നഷ്ടമാകും. ബ്രസീല്‍ ടീമിന്റെ ഡോക്ടറുടെ കീഴില്‍ വിശദമായ പരിശോധന നടത്തുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. 

ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിന് നഷ്ടപ്പെടുന്ന രണ്ടാമത്തെ പ്രതിരോധ താരമാണ് ആല്‍വ്‌സ്. നേരത്തെ മാര്‍ച്ചില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നതിനിടെ ഫിലിപ്പ് ലൂയിസിന്റെ കാലൊടിഞ്ഞിരുന്നു. ആറാം കിരീടം ലക്ഷ്യമിട്ടാണ് ടിറ്റെയുടെ പരിശീലനത്തില്‍ ബ്രസീല്‍ റഷ്യയിലേക്ക് പോകുന്നത്.

Content Highlights: Brazil Defender Dani Alves Ruled Out of the World Cup