റിയോ ഡി ജനീറോ: ഫുട്ബോൾ ലോകത്തിന് മാതൃകയാകുന്ന തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ഇനി മുതൽ ബ്രസീലിലെ വനിതാ ഫുട്ബോൾ താരങ്ങൾക്ക് പുരുഷ താരങ്ങളുടെ അതേ വേതനം ലഭിക്കും. തുല്ല്യ വേതനം മാത്രമല്ല, ഇരുടീമുകൾക്കും ഒരേ സൗകര്യവും ഒരേ സമ്മാനങ്ങളും ഉറപ്പാക്കുമെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

മത്സരചിത്രങ്ങൾക്ക് തുല്ല്യമായ കോപിറൈറ്റ് അവകാശം നൽകും. ടീമിന്റെ യാത്രയും ഹോട്ടൽ റൂം സൗകര്യവുമെല്ലാം ഒരുപോലെ ആയിരിക്കും.കഴിഞ്ഞ മാർച്ച മുതൽ തുല്ല്യവേതനം നിലവിൽ വന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ് റൊസേരിയോ കബൊക്ലൊ വ്യക്തമാക്കി. ഇതോടെ നെയ്മറിനും ഗബ്രിയേൽ ജീസസിനും റോബർട്ടോ ഫിർമിനോയ്ക്കുമെല്ലാം ലഭിക്കുന്ന അതേ വേതനം മാർത്തയ്ക്കും ഫോർമിഗയ്ക്കും ലെറ്റിസിയ സാന്റോസിനും ലഭിക്കും.

ഫുട്ബോൾ ഫെഡറേഷന്റെ വരുമാനത്തിൽ നിന്നാണ് ഇരുടീമുകൾക്കും വേതനം പങ്കിട്ടുനൽകുക. നേരത്തെ ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ദേശീയ ടീമുകൾക്ക് തുല്ല്യവേതനം നടപ്പിലാക്കിയിരുന്നു.

Content Highlights: Brazil Announces Equal Pay for Womens and Mens Football Teams