പനാജി: ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ബ്രാൻഡണ്‍ ഫെര്‍ണാണ്ടസുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് നീട്ടി എഫ്.സി ഗോവ. പ്ലേമേക്കറായ ബ്രാൻഡണുമായുള്ള കരാര്‍ 2024 ജൂണ്‍ വരെയാണ് ഗോവ നീട്ടിയത്.

26 കാരനായ ബ്രാൻഡണ്‍ 2017-ലാണ് എഫ്.സി ഗോവയിലെത്തുന്നത്. ഗോവന്‍ സ്വദേശിയായ താരം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. ഗോവന്‍ മധ്യനിരയ്ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം നല്‍കാന്‍ താരത്തിന് സാധിച്ചു.

ഐ.എസ്.എല്ലില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ബ്രാൻഡണിന്റെ പേരിലാണുള്ളത്. 2019-ല്‍ ഗോവ ഐ.എസ്.എല്‍ കിരീടം നേടുമ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ചത് ബ്രാൻഡണാണ്.

ഗോവയ്ക്ക് വേണ്ടി 61 മത്സരങ്ങള്‍ കളിച്ച താരം അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്. ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് താരം ഗോവയിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഏഴ് അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. 

Content Highlights: Brandon Fernandes extends contract with FC Goa for three years