Photo: twitter.com/FCBayernEN
മ്യൂണിക്ക്: കിരീട പോരാട്ടം അവസാന ദിനത്തിലെ അവസാന സെക്കന്‍ഡ് വരെ നീണ്ട ബുണ്ടസ് ലിഗയില്‍ ഒടുവില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ കിരീട സ്വപ്‌നം പൊലിഞ്ഞു. ജയിച്ചിരുന്നെങ്കില്‍ 10 വര്‍ഷത്തിനു ശേഷം ആദ്യ ബുണ്ടസ് ലിഗ കിരീടം നേടാമായിരുന്ന ഡോര്‍ട്മുണ്‍ഡിനെ മറികടന്ന് അവസാന മത്സരത്തിലെ ജയത്തോടെ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ 11-ാം സീസണിലും ബുണ്ടസ് ലിഗ കിരീടമുയര്‍ത്തി. ലീഗില്‍ 34 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമിനും 71 പോയന്റായിരുന്നു എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ മുന്നിലെത്തിയതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്. ബയേണിന്റെ 33-ാം ബുണ്ടസ് ലിഗ കിരീടമാണിത്.
ശനിയാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ മെയ്ന്‍സിനെതിരായ മത്സരം സമനിലയിലെത്താക്കാനേ (2-2) ഡോര്‍ട്മുണ്‍ഡിന് സാധിച്ചുള്ളൂ. മറുവശത്ത് എഫ്.സി. കോളെനെതിരായ മത്സരം ജയിച്ച് (2-1) ബയേണ്‍ കിരീടമുയര്‍ത്തുകയായിരുന്നു. അവസാന റൗണ്ടിന് മുമ്പ് 33 കളിയില്‍നിന്ന് 70 പോയന്റാണ് ഡോര്‍ട്മുണ്‍ഡിനുണ്ടായിരുന്നത്. ഇത്രയും കളിയില്‍ നിന്ന് ബയേണിന് 68 പോയന്റും.
.jpg?$p=7401936&&q=0.8)
എന്നാല്‍ സ്വന്തം മെയ്ന്‍സിനെതിരായ അവസാന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡോര്‍ട്ട്മുണ്‍ഡിന് പിഴച്ചു. 15-ാം മിനിറ്റില്‍ തന്നെ ആന്ദ്രേസ് ഹാന്‍കെ ഓള്‍സനിലൂടെ മെയ്ന്‍സ് മുന്നിലെത്തി. എന്നാല്‍ 19-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ഡോര്‍ട്ട്മുണ്‍ഡിന് മത്സരത്തിലേക്ക് തിരികെവരാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷേ കിക്കെടുത്ത സെബാസ്റ്റ്യന്‍ ഹാളറിന് പിഴച്ചു. പിന്നാലെ 24-ാം മിനിറ്റില്‍ കരിം ഒനിസിവോയും വലകുലുക്കിയതോടെ ഡോര്‍ട്ട്മുണ്‍ഡ് രണ്ട് ഗോളിന് പിന്നില്‍. ആദ്യ പകുതിയില്‍ പിന്നീടൊരു തിരിച്ചുവരവ് ഡോര്‍ട്ട്മുണ്‍ഡിന് സാധ്യമായില്ല. രണ്ടാം പകുതിയില്‍ പക്ഷേ ടീം ഉണര്‍ന്നു കളിച്ചു. 69-ാം മിനിറ്റില്‍ റാഫേല്‍ ഗുരെയ്‌റോയിലൂടെ അവര്‍ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ കിരീടത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. പിന്നീട് ഇന്‍ജുറി ടൈമില്‍ ഡോര്‍ട്ട്മുണ്‍ഡ് വലകുലുക്കിയെങ്കിലും അത് ഓഫ് സൈഡായി. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ നിക്ലാസ് സുലെ പന്ത് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. 2011-12 സീസണിലാണ് ഡോര്‍ട്ട്മുണ്‍ഡ് ഒടുവില്‍ ബുണ്ടസ് ലിഗ ജേതാക്കളായത്.
മറുവശത്ത് എഫ്.സി. കോളെനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ കിങ്സ്ലി കോമാനിലൂടെ ബയേണ്‍ മുന്നിലെത്തി. പിന്നീട് ഇരു ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളില്ലാതെ നീങ്ങിയ മത്സരത്തിന്റെ 81-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദെയന്‍ യുബിച്ചിച്ച് കോളെന് സമനില സമ്മാനിച്ചു. എന്നാല്‍ കിരീടം നേടാന്‍ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ബയേണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. ഒടുവില്‍ 89-ാം മിനിറ്റില്‍ ജമാല്‍ മുസിയാല ബയേണിന്റെ കിരീടമുറപ്പിച്ച ഗോള്‍ നേടി.
Content Highlights: Borussia Dortmund let Bundesliga title slip as Bayern Munich are crowned champions
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..