ഡോർട്ട്മണ്ട്: തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ബയറണ്‍ മ്യൂണിക്കിനെ മുട്ടുകുത്തിച്ച് ബൊറൂസിയ ഡോര്‍ട്ട്മണ്ട് ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ബയറണിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബൊറൂസിയ തോല്‍പിച്ചത്.

നാല്‍പത്തിയെട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ പാക്കോ അല്‍ക്കാസെറാണ് ആദ്യം ഗോള്‍ നേടിയത്. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ഇംഗ്ലീഷ് വിംഗര്‍ ജേഡണ്‍ സാഞ്ചോ പട്ടിക പൂര്‍ത്തിയാക്കി.

ഇത് ആറാം തവണയാണ് ബൊറൂസിയ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. 2014ലാണ് ഇവര്‍ അവസാനമായി സൂപ്പര്‍ കപ്പ് നേടുന്നത്. 2016, 17, 18 വര്‍ഷങ്ങളിലെ ചാമ്പ്യന്മാരാണ് ബയറണ്‍. 2017ന് ശേഷം ഇതാദ്യമായാണ് ബൊറൂസിയ ഒരു കിരീടം സ്വന്തമാക്കുന്നത്.

ബയറണ്‍ ലൂക്കാസ് ഹെര്‍ണാണ്ടസ് ഇല്ലാതെയാണ് ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയത്. ബറൂസിയക്കുവേണ്ടി തോര്‍ഗന്‍ ഹസാഡ് ജൂലിയന്‍ ബ്രാന്‍ഡിറ്റ്, ഡിഫന്‍ഡര്‍ മാറ്റ്‌സ് ഹമ്മല്‍സ് എന്നിവരും കളിച്ചിരുന്നില്ല.

Content Highlights: Borussia Dortmund Beats Bayern Munich To Clinch German Supercup Soccer Title