ബ്യൂണസ് ഏറീസ്: സ്റ്റേഡിയത്തിലെത്തിയത് അര ലക്ഷത്തോളം ആരാധകര്‍! ഇത് കളി കാണാനെത്തിയവരും കണക്കാണെന്ന് തെറ്റിദ്ധരിക്കേണ്ട. അര്‍ജന്റീനന്‍ ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സിന്റെ പരിശീലനം കാണാന്‍ ലാ ബൊമ്പൊനേര സ്‌റ്റേഡിയത്തിലെത്തിയവരുടെ കണക്കാണിത്. ലാറ്റിനമേരിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ എത്രത്തോളം ജീവനാണെന്നതിന്റെ തെളിവ്. 

റിവര്‍ പ്ലേറ്റിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലത്തിനാണ് ബൊക്ക താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരം പോലെ ലാറ്റിനമേരിക്കക്കാരുടെ ഫുട്‌ബോള്‍ ആഘോഷമാണ് കോപ്പാ ലിബര്‍റ്റഡോറെസ് എന്നറിയപ്പെടുന്ന റിവര്‍ പ്ലേറ്റ് - ബൊക്ക ജൂനിയേഴ്‌സ് മത്സരം. ലാ ബൊമ്പനേരയില്‍ നടന്ന ആദ്യ പാദ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതിന്റെ രണ്ടാംപാദ മത്സരം റിവര്‍ പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ എല്‍ മോണുമെന്റലില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ നടക്കും.

ആര്‍പ്പുവിളിയും ആരവവുമായി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആരാധകരെ നിയന്ത്രിക്കാന്‍ ക്ലബ്ബ് അധികൃതരും പൊലീസ് സേനയും ചില്ലറ പാടൊന്നുമല്ല പെട്ടത്. നിയന്ത്രണ മതില്‍ ചാടിക്കടന്ന് ചില ആരാധകര്‍ മൈതാനത്തെത്തി തങ്ങളുടെ പ്രിയ താരങ്ങളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. സംഗതി കൈ വിട്ടുപോകുമെന്ന് തോന്നിയതോടെ പൊലീസ് ആരാധകരുടെ പ്രവേശനം നിയന്ത്രിക്കുകയായിരുന്നു.

Content Highlights: Boca Juniors World Record 50,000 People Attended A Training Session