Photo: mathrubhumi
കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രമുറങ്ങുന്ന കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാളിന്റെ പരിശീലക സ്ഥാനത്തേക്ക് കേരളത്തെ കഴിഞ്ഞ സന്തോഷ് ട്രോഫി വിജയത്തിലേക്ക് നയിച്ച കോച്ച് ബിനോ ജോര്‍ജ്. ഒരാഴ്ച മുമ്പാണ് ക്ലബ്ബ് അധികൃതര്‍ തന്നെ സമീപിച്ചതെന്ന് പറഞ്ഞ അദ്ദേഹം ഈ മാസം 28-ന് കരാര്‍ ഒപ്പിടുന്നതിനായി കൊല്‍ക്കത്തയിലേക്ക് തിരിക്കുമെന്നും മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
''നിലവില്‍ ഡ്യൂറാന്‍ഡ് കപ്പിലും കൊല്‍ക്കത്ത ലീഗിലുമാണ് ചുമതല. വീഡിയോ അഭിമുഖത്തിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ക്ലബ്ബിനെ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം. അതിനുള്ള ആശയങ്ങള്‍ എന്തെല്ലാമാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. തുടക്കത്തില്‍ തന്നെ ടീമിനെ ചാമ്പ്യന്‍മാരാക്കാം എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. പടിപടിയായുള്ള ക്ലബ്ബിന്റെ വളര്‍ച്ചയാണ് ലക്ഷ്യം.'' - ബിനോ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തെ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് ബിനോ. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാകുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. നിലവില്‍ ഡ്യൂറാന്‍ഡ് കപ്പിലും കൊല്‍ക്കത്ത ലീഗിലുമാണ് അദ്ദേഹത്തിന് ടീമിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഐഎസ്എല്ലിലും അദ്ദേഹത്തെ തന്നെ ചുമതലയേല്‍പ്പിക്കുമോ അതോ ഒരു വിദേശ പരിശീലകനെ കൊണ്ടുവന്ന് അദ്ദേഹത്തെ സഹപരിശീലകനാക്കുമോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.
നേരത്തെ ഐ ലീഗില്‍ ഗോകുലം കേരള ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലകനായും ടെക്നിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ബിനോ 2006-2010 കാലഘട്ടത്തില്‍ വിവ കേരളയുടെ സഹ പരിശീകനായാണ് കോച്ചിങ് കരിയര്‍ ആരംഭിക്കുന്നത്. 2010-11 സീസണില്‍ ചിരാഗ് യുണൈറ്റഡിന്റെ സഹപരിശീലകനായി. 2012-ല്‍ ക്വാര്‍ട്‌സ് എഫ്‌സിയിലൂടെയാണ് മുഖ്യപരിശീലകനാകുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) പ്രോ ലൈസന്‍സ് ലഭിക്കുന്ന കേരളത്തിലെ ആദ്യ പരിശീലകന്‍ കൂടിയാണ് ബിനോ.
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ പരിശീലിപ്പിച്ച രഞ്ജന്‍ ഭട്ടാചാര്യ, കൊല്‍ക്കത്തക്കാരന്‍ ശങ്കര്‍ലാല്‍ ചക്രവര്‍ത്തി, എടികെ മോഹന്‍ബഗാന്റെ സഹപരിശീലകന്‍ സഞ്‌ജോയ് സെന്‍ എന്നവരായിരുന്നു പരിശീലക സ്ഥാനത്തേക്ക് ബിനോ ജോര്‍ജിനൊപ്പം ഈസ്റ്റ് ബംഗാളിന്റെ പട്ടികയിലുണ്ടായിരുന്നവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..